ശാസ്താംകോട്ട: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ കാലിത്തീറ്റയ്ക്ക് നൽകി വന്നിരുന്ന സബ്സിഡി പിൻവലിക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്തു. വില വർദ്ധന ഒരാഴ്ച മുമ്പ് തന്നെ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും സബ്സിഡി പിൻവലിച്ചത് ഈ മാസം ഒന്നു മുതലാണ്.
ഒരു വർഷം മുമ്പ് വരെ 900 രൂപ മാത്രം വിലയുണ്ടായിരുന്ന മിൽമ കാലിത്തീറ്റയ്ക്ക് ഘട്ടം ഘട്ടമായി വില വർദ്ധിപ്പിക്കുകയായിരുന്നു.ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 100 രൂപ വീതം കഴിഞ്ഞ മാർച്ച് 1 മുതൽ മേഖലാ യൂണിയൻ സബ്സിഡി നൽകിയത്.
കർഷകർ സംഘത്തിൽ നൽകുന്ന 60 ലിറ്റർ പാൽ അടിസ്ഥാനമാക്കിയാണ് ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 100 രൂപ സബ്സിഡി നൽകിയിരുന്നത്. ഇത് ക്ഷീര കർഷകർക്ക് ഒരു പരിധി വരെ പ്രയോജനകരമായിരുന്നു. ഈ സബ്സിഡിയാണ് പിൻവലിച്ചത്. ഇത് കൂടാതെയാണ് വില വർദ്ധിപ്പിച്ചതും.
50 കിലോഗ്രാം ചാക്കിന് 45 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചത്.ഇതോടെ മിൽമയുടെ ഗോമതി റിച്ച് കാലിത്തീറ്റയുടെ വില 1240 രൂപയായിട്ടുണ്ട്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഓഗസ്റ്റിൽ 25 രൂപ വർധിപ്പിച്ച് 1195 രൂപയാക്കിയിരുന്നു. കേരള ഫീഡ്സിന്റെ കാലിത്തീറ്റകളായ റിച്ചിനും മിടുക്കിയ്ക്കും കഴിഞ്ഞയാഴ്ച്ച വില വർധിപ്പിച്ചിരുന്നു. റിച്ചിന് 45 രൂപ വർധിപ്പിച്ച് 1265 ഉം മിടുക്കിയ്ക്ക് 1345 ഉം രൂപയായി.
വേനൽ കടുക്കുകയും പാലുത്പാദനം കുറയുകയും ചെയ്യുന്ന സമയത്തുണ്ടായ വില വർധനവ് ക്ഷീര കർഷകർക്ക് ഇരുട്ടടിയായിട്ടുണ്ട്.മിൽമയും കേരള ഫീഡ്സും വില കൂട്ടുമ്പോഴൊക്കെ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റകൾക്കും വില വർധിപ്പിക്കുകയാണ് ചെയ്യുന്നത്.