കൊല്ലം: തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ കൊല്ലം ജില്ലാ മിൽമ ഗ്രാമോത്സവവം ഇന്നും നാളെയും ആനയടി അമരാദ്രി ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ 9.15ന് ശിൽപ്പശാലയുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും. തുടർന്ന് എൺപതാം വകുപ്പും അനുബന്ധ ചടങ്ങളും, ക്ഷീര സംഘങ്ങൾ ഇന്നലെ ഇന്ന് നാളെ, ഭക്ഷ്യസുരക്ഷ ക്ഷീരമേഖലയിൽ എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജു നിർവഹിക്കും. തിരുവനന്തരം മേഖലാ ചെയർമാൻ കല്ലട രമേശ് അധ്യക്ഷത വഹിക്കും. മിൽമ മാനേജിംഗ് ഡയറക്ടർ കുര്യാക്കോസ് സഖറിയ റിപ്പോർട്ട് അവതരിപ്പിക്കും.മുഖ്യപ്രഭാഷണവും ബ്ലോക്ക് തലത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകരെ ആദരിക്കലും കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, എൻ.രാജൻ, അനിതാ പ്രസാദ്, കെ.രാജശേഖരൻ, കെ.അനിത, ഡോ.പി.മുരളി, ഡോ.ജി.ജോർജ് പുത്തൻവീട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും.നാളെ രാവിലെ 9.15ന് ശിൽപ്പശാലയുടെ ഉദ്ഘാടനം കെ.സോമപ്രസാദ് എംപി നിർവഹിക്കും. തുടർന്ന് കേരളത്തിലെ കന്നുകാലി പ്രജനന നയം എന്ന ശിൽപ്പശാലയിൽ ഡോ.അവിനാശ് വിഷയാവതരണം നടത്തും.
സി.എൻ.സുകുമാരൻ, ബഷീർ റാവുത്തർ, യൂസുഫ് കുഞ്ഞ്, സജി സാമുവൽ, സന്തോഷ് കുമാർ, എസ്.ജനാർദനൻപിള്ള, ബിജു പ്രസാദ്, പി.മുരളീധരൻ, അശോകൻ കുറുങ്ങപ്പള്ളി, അബ്ദുൾ റഷീദ്, കെ.ആർ.ഷീജ, ഡി.തങ്കമണി, ടി.പ്രീത തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.11ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും. മുഖ്യപ്രഭാഷണവും 25 വർഷം സേവനം പൂർത്തീകരിച്ച ക്ഷീരസംഘം പ്രസിഡന്റുമാരെയും ജീവനക്കാരെയും ആദരിക്കലും മുൻ മന്ത്രി സി.ദിവാകരൻ നിർവഹിക്കും.
വി.വേണുഗോപാലക്കുറുപ്പ്, ബി.അരുണാമണി, ഡോ.ജോസ് ജയിംസ്, എം.ശിവശങ്കരപ്പിള്ള, എ.സുമ, സുഭാഷ്, ഓമനക്കുട്ടൻ, രാധാകൃഷ്ണപിള്ള, പെരിനാട് തുളസി, സജീവ് ബാബു, സി.മോഹനൻ, പ്രകാശൻപിള്ള, ബി.ബിനുകുമാർ, ഡോ.കെ.ജെ.സൂരജ് എന്നിവർ പ്രസംഗിക്കും.ക്ഷീരകർഷകർ, ക്ഷീരസംഘങ്ങൾ, ക്ഷീരസംഘം ജീവനക്കാർ, ജനപ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങി പൊതുസമൂഹത്തിൽ നിന്ന് ഗ്രാമോത്സവത്തിലൂടെ സമാഹരിക്കുന്ന ആശയങ്ങളും നിർദേശങ്ങളും സ്വാംശീകരിച്ച് മിൽമ 2025 പഞ്ചവൽസര പദ്ധതിക്ക് രൂപം നൽകുമെന്ന് തിരുവനന്തപുരം മേഖലാ ചെയർമാൻ കല്ലട രമേശ് പറഞ്ഞു.
ക്ഷീരോത്പാദനത്തിൽ സ്വയം പര്യാപ്തത, ക്ഷീര കർഷകരുടെ സാന്പത്തിക സുസ്ഥിരത, ക്ഷീരസംഘങ്ങളുടെ ശാക്തീകരണം, ക്ഷീരസംഘം ജീവനക്കാർക്ക് സുരക്ഷിത ജീവിതം, സുശക്തമായ മേഖലാ ക്ഷീരോത്പാദക യൂണിയൻ എന്നീ ലക്ഷ്യങ്ങൾ ആസ്പദമാക്കിയാണ് സമഗ്ര പഞ്ചവത്സര പദ്ധതി ആവിഷ്കരിക്കുന്നത്.
ഗ്രാമതലത്തിൽ പ്രവർത്തിക്കുന്ന ബൾക്ക് ചില്ലിംഗ് സെന്ററുകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ, ക്ഷീരകർഷകർക്ക് കരവ പശുക്കളെ വാങ്ങാൻ മിതമായ പലിശ നിരക്കിൽ 40 കോടി രൂപയുടെ പദ്ധതി, കർഷകർക്ക് അധിക വരുമാന ശ്രോതസായി ഹരിത മിൽമ പച്ചക്കറി കൃഷി പദ്ധതി, കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിന് ഉത്പന്ന വൈവിധ്യവത്ക്കരണം, കർഷകർ തമ്മിലുള്ള കറവ മൃഗങ്ങളുടെ കൈമാറ്റം സുഗമമാക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കുന്നതിനുമായി മിൽമ കൗ ബാസാർ മൊബൈൽ ആപ്ലിക്കേഷൻ, ക്ഷീരസംഘം ഭാരവാഹികൾക്ക് ഗുജറാത്തിലെ ആനന്ദിൽ പരിശീലന പരിപാടി എന്നിവ ഈവർഷം തന്നെ നടപ്പാക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.
ഇപ്പോൾ പ്രതിദിനം 3.3 ലക്ഷം ലിറ്റർ പാലാണ് ക്ഷീരസംഘങ്ങൾ വഴി സംഭരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 972 ക്ഷീര സഹകരണ സംഘങ്ങളിലൂടെ 45300 കർഷക കുടുംബങ്ങളിൽ നിന്നാണ് മിൽമ പാൽ സംഭരിക്കുന്നത്. 7544 കേന്ദ്രങ്ങളിലൂടെ പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്നു. ഒരു ദിവസം പാൽവിലയായി 1.2 കോടി രൂപയാണ് ക്ഷീരകർഷകരിൽ എത്തിക്കുന്നത്.
ക്ഷീരവിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് മേഖലാ യൂണിയൻ പ്രത്യേക കർമ പദ്ധതി ആവിഷ്കരിച്ച് കഴിഞ്ഞു. ഇതിന്റെഭാഗമായി ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ മിൽക്ക് ഏടിഎമ്മുകൾ സ്ഥാപിക്കും. ദിവസവും മിൽമ വിൽക്കുന്ന പാലിന്റെ ഒഴിഞ്ഞ കവറുകൾ തിരികെ എടുക്കുന്നതിന് ഗ്രീൻ കേരള കന്പനിയുമായി ധാരണയിൽ എത്തിയതായും ചെയർമാൻ പറഞ്ഞു.