തൃശൂർ: പാൽവിലയുമായി ബന്ധപ്പെട്ടു കർഷകർക്ക് ആശ്വാസകരമായ തീരുമാനം ഉടനെടുക്കുമെന്നു മന്ത്രി കെ. രാജു. മിൽമയുടെ നവീകരിച്ച ഡയറിയുടെ ഉദ്ഘാടനം രാമവർമപുരം ഡെയറി കോന്പൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയനഷ്ടങ്ങളും കാലിത്തീറ്റ വിലവർധനവും കണക്കിലെടുത്ത് ശാസ്ത്രീയമായ വകുപ്പുതല അപഗ്രഥനത്തിനുശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ക്ഷീരവ്യവസായത്തെ തകർക്കുന്ന ആർസിഇപി കരാറിനെ ശക്തമായി ചെറുക്കണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ഏഴു കോടി 31 ലക്ഷം രൂപ ചെലവഴിച്ചാണ് തൃശൂർ ഡെയറി നവീകരിച്ചത്. പുതിയ പാസ്ചുറൈസേഷൻ പ്ലാന്റ്, ഹോമോജനൈസർ, ബോയിലർ, സിഐപി സിസ്റ്റം, തൈര് ഉൽപാദന യൂണിറ്റ്, റഫ്രിജറേഷൻ സിസ്റ്റം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ഡെയറിയുടെ പ്രതിദിന സംഭരണ വിതരണ ശേഷി ഒരു ലക്ഷം ലിറ്ററാണ്. മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മിൽമ ഫെഡറേഷൻ ചെയർമാൻ പി. എ. ബാലൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ, ശാലിനി ഗോപിനാഥ്, ഇആർസിഎംപിയു ചെയർമാൻ ജോണ് തെരുവത്ത് തുടങ്ങിയവർ പങ്കെടുത്തു.