പാലക്കാട്: പ്ലാസ്റ്റിക്ക് പാക്കറ്റുകളിലെ പാൽ പാക്കറ്റോടുകൂടി ചൂടാക്കുന്നത് ജില്ലയിൽ കാണപ്പെടുന്ന അതിഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനമാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതായൊ ആവർത്തിക്കുന്നതായോ ശ്രദ്ധയിൽ പെടുന്നപക്ഷം അത് ചെയ്യുന്നവർക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയിലുളള പ്രോസിക്യൂഷൻ അടക്കമുളള നടപടികൾ കൈക്കൊളളുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
പായ്ക്കറ്റ് പാൽ ഇത്തരത്തിൽ ചൂടാക്കുന്ന പക്ഷം പ്ലാസ്റ്റിക്കിലെ രാസപദാർത്ഥങ്ങൾ പാലിൽ കലർന്ന് കാൻസർ പോലുളള മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വസ്തുക്കൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യുന്നതും, ഉപയോഗിക്കുന്നതും ഒട്ടനവധി അസുഖങ്ങൾക്ക് കാരണമാകുന്നതായും പൊതുജനാരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.
ഹോട്ടലുകൾ, ബേക്കറികൾ, വഴിയോരക്കച്ചവടക്കാർ എന്നിവരിലാണ് ഇത്തരം പ്രവർത്തനങ്ങൾ കണ്ടു വരുന്നത്. ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇതിൽ കർശന നിരീക്ഷണവും പരിശോധനകളും നടത്തി വരുന്നുണ്ട്. ന്യൂനതകൾ കാണുന്ന പക്ഷം നോട്ടീസ് നൽകി പിഴ ഉൾപ്പെടെയുളള നിയമ നടപടികൾ സ്വീകരിക്കുന്നുണ്ട്.