തൃശൂർ: ഓണത്തിന് കർണാടകത്തിൽ നിന്ന് പാൽ എത്തിച്ച് ക്ഷാമം തീർക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്ന് മിൽമ ചെയർമാൻ പി.എ.ബാലൻ മാസ്റ്റർ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രളയം പാൽക്ഷാമം ഇരട്ടിയാക്കി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാലെത്തിച്ചാണ് ദിനംപ്രതി പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുന്നത്.
ഓണത്തിനുണ്ടാകുന്ന ആവശ്യം കണക്കിലെടുത്താണ് കേരളത്തിലേക്ക് കൂടുതൽ പാൽ എത്തിക്കാൻ കർണാടകയുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷം ലിറ്റർ പാൽ എത്തിക്കാനാണ് നടപടിയെടുത്തിട്ടുള്ളത്. ഓണത്തിന് 25 ലക്ഷം ലിറ്റർ പാൽ വരെ ചെലവാകാറുണ്ട്. സംസ്ഥാനത്ത് 13 ലക്ഷം ലിറ്റർ പാൽ മാത്രമേ ഉൽപാദിപ്പിക്കുന്നുള്ളൂ. 34 രൂപയ്ക്കാണ് പാൽ കർണാടകത്തിൽ നിന്ന് ഇവിടെ എത്തിക്കുക. എന്നാൽ 40 രൂപയ്ക്കു തന്നെയാകും വിൽപന നടത്തുക.
പാലിന്റെ വില കൂട്ടുന്നതു സംബന്ധിച്ച് അടുത്ത ആറിന് വകുപ്പു മന്ത്രിയുമായി ചർച്ച നടത്തുമെന്ന് ചെയർമാൻ പറഞ്ഞു. കാലിത്തീറ്റയുടെ വില വർധിച്ചതോടെ ക്ഷീരകർഷകർക്ക് പിടിച്ചു നിൽക്കാൻ സാധിക്കാതായി. അയൽ സംസ്ഥാനങ്ങളിൽ പാൽ ലിറ്ററിന് പത്തു രൂപയാണ് കൂട്ടിയിരിക്കുന്നതെന്നും
വെള്ളപ്പൊക്കവും കാലിത്തീറ്റ വില വർധനവും മൂലം കർഷകർക്കുണ്ടായിട്ടുള്ള ദുരിതത്തിന് ആശ്വാസമെന്ന നിലയിൽ കഴിഞ്ഞ 21 മുതൽ 30 വരെ മേഖല യൂണിയൻ സംഭരണ വിലയിൽ ലിറ്ററിന് ഒരു രൂപ വർധനവ് കർഷകർക്ക നൽകുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. എം.മുരളീധരദാസ് പറഞ്ഞു. പത്രസമ്മേളനത്തിൽ ഡയറക്ടർമാരായ ഇ.എം.പൈലി, സോണി ഈറ്റക്കൽ, ജോമോൻ ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.