കൊച്ചി: ക്ഷീരോത്പാദക മേഖലയിലെ രൂക്ഷമായ പ്രതിസന്ധി മറികടക്കുന്നതിന് പാല് വില്പന വില ലിറ്ററിന് ആറു വര്‍ധിപ്പിക്കണമെന്ന് മില്‍മ എറണാകുളം മേഖലാ യൂണിയന്. ഇന്നലെ ചേര്‍ന്ന ഭരണ സമിതിയിലാണ് മില്‍മ സംസ്ഥാനതല ഫെഡറേഷന് വഴി ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.
വേനല്‍ കനത്തതോടെ ക്ഷീരോത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഉത്പാദനക്കുറവ് സൃഷ്ടിക്കുന്ന സാമ്പത്തികനഷ്ടത്തിന് പുറമേ കാലിത്തീറ്റയുടെ വില വര്‍ധനയും പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും ക്ഷീരകര്‍ഷകനെ ഈ മേഖല വിട്ടുപോകാന്‍ പ്രേരിപ്പിക്കുകയാണ്.
ക്ഷീരോത്പാദക മേഖലയിലെ രൂക്ഷമായ ഈ പ്രതിസന്ധിയും വിപണി നിലനിര്‍ത്താന്‍ കൂടുതല്‍ വില നല്കി സംസ്ഥാനത്തിനു പുറത്തുനിന്നു പാല് കൊണ്ടുവരുന്നത് മൂലമുണ്ടാവുന്ന നഷ്ടവും ഭരണസമിതി വിലയിരുത്തി.
പാല് വില വര്ധിപ്പിക്കാത്തപക്ഷം നഷ്ടം സഹിച്ച് ക്ഷീരമേഖലയില്‍ തുടരാന്‍ കര്‍ഷകര്‍ തയാറാവുകയില്ലെന്നും ഇപ്പോഴത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും യോഗം വിലയിരുത്തി.
ക്ഷീരസംഘങ്ങളില്‍ പാല് അളക്കാതെ കര്‍ഷകര്‍ പുറത്ത് പാല് നല്‍കുന്നത് സംഘങ്ങള്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ചെയര്മാന് ജോണ്‍ തെരുവത്ത് അറിയിച്ചു.