ശാസ്താംകോട്ട: ഇന്ന് മുതൽ സംസ്ഥാനത്തെ പാൽ വിൽപ്പന വില 44 ൽ നിന്നും 48 ആയി ഉയർത്തുകയും വർധിപ്പിച്ച നാല് രൂപയിൽ മൂന്നര രൂപക്ഷീര കർഷകർക്ക് ലഭിക്കുമെന്ന് മിൽമ അവകാശപ്പെടുമ്പോഴും ഇപ്പോഴത്തെ വില വർധന മൂലം ക്ഷീരകർഷകർക്ക് പ്രയോജനം ലഭിക്കില്ലെന്ന് വിലയിരുത്തൽ. നിലവിലുള്ള കാലിത്തീറ്റയുടെ അമിതമായ വിലയാണ് ഇതിന് പ്രധാന കാരണം. പാൽ വില വർധിപ്പിക്കുന്നതോടെ കാലിത്തീറ്റയുടെ വില ഇനിയും വർധിക്കുമെന്നതിനാലാണ് പാൽ വില വർധന ക്ഷീരകർഷകർക്ക് പ്രയോജനം ലഭിക്കില്ലെന്ന് വിലയിരുത്താൻ കാരണം.
ആറ് മാസം മുമ്പ് വരെ 900 രൂപ മാത്രം വിലയുണ്ടായിരുന്ന സമീകൃത കാലിത്തീറ്റകൾക്കാണ് ഇപ്പോൾ 1200 മുതൽ 1300 രൂപ എന്ന നിലയിലാണ് വില വർധിച്ചത്. 1200 രൂപയിൽ താഴെ വിലയുണ്ടായിരുന്ന പരുത്തി പിണ്ണാക്കിന് ഇപ്പോൾ 1700 ന് മുകളിലാണ് വില. മറ്റ് കാലിത്തീറ്റ കൾക്കും സമാനമായ രീതിയിലാണ് വില വർധനവ് ഉണ്ടായത്.
വൈക്കോൽ തുടങ്ങി കന്നുകാലി വളർത്തലുമായി ബന്ധപ്പെട്ട എല്ലാറ്റിനും ഇപ്പോൾ തന്നെ ഉയർന്ന വിലയാണ്.
കറവക്കൂലി ഒരു മാസത്തേക്ക് 1200 മുതൽ 1500 രൂപാ വരെയാണ്. ഇതിൽ പകുതിയോളം ദിവസം കറവക്കാർ എത്താറില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.ഇത് മൂലം ഉണ്ടാകുന്ന നഷ്ടം വേറെയുമാണ്. അതു പോലെ തന്നെ കന്നുകാലികളുടെ ചികിത്സാ ചെലവുകളും ഭാരിച്ചതാണ്. ഒരു തവണ അസുഖം വരുമ്പോൾ തന്നെ ആയിരക്കണക്കിന് രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്.
രോഗങ്ങൾ മൂലവും അല്ലാതെയും കന്നുകാലികൾ വ്യാപകമായി മരണപ്പെടാറുണ്ട്. ഇവയ്ക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കാറില്ല. ഇൻഷ്വറൻസ് പദ്ധതികൾക്ക് സബ്സിഡി ഇല്ലാത്തതിൽ ഭാരിച്ച പ്രീമിയം തുക കർഷകർ തന്നെ അടക്കേണ്ട അവസ്ഥയുമാണ്.പശുക്കളുടെ വിലയാണ് ക്ഷീര കർഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇപ്പോൾ തന്നെ ശരാശരി 8-9 ലിറ്റർ പാൽ കിട്ടുന്ന ഒരു പശുവിന്റെ വില 60000 ന് മുകളിലാണ്.പാൽ വില വർധനയുടെ അടിസ്ഥാനത്തിൽ ഇനി പശുക്കളുടെ വിലയും വർധിക്കും.
ഇത്രയേറെ കഷ്ടപ്പാടുകൾ സഹിച്ച് സംഘത്തിൽ എത്തിക്കുന്ന പാലിന് അർഹമായ വില കിട്ടാറില്ലന്നും കർഷകർ പറയുന്നു.കാലിത്തീറ്റ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യമാണ് വില വർധനവിന് കാരണമെന്നാണ് പ്രധാന കാലിത്തീറ്റ നിർമ്മാതാക്കൾ കൂടിയായ മിൽമ അധികൃതർ പറയുന്നതെങ്കിലും ഓരോ കാലത്തും കാലിത്തീറ്റയുടെ വില വർധിപ്പിച്ച് കർഷകരെ സമ്മർദത്തിലാക്കുകയും ഇതിന്റെ പേരിൽ പാൽ വില വർധനവ് നടപ്പിലാക്കുകയും ചെയ്യുന്ന തന്ത്രമാണ് മിൽമ നടപ്പിലാക്കുന്നതെന്നും ആക്ഷേപം ഉണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള കേരളാ ഫീഡ്സിനെ സഹായിക്കാൻ സർക്കാരും ഇതിന് ഒത്താശ ചെയ്യുകയാണെന്നും ആക്ഷേപം ഉണ്ട്. പാൽ വില വർധിപ്പിക്കാതെ കാലിത്തീറ്റ യുടെ വില നിയന്ത്രിക്കണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം കർഷകർക്കും ഉള്ളത്.