തിരുവനന്തപുരം: സംസ്ഥാന സർക്കാർ മിൽമ പാലിന് വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഡിസംബർ ഒന്നു മുതൽ ലിറ്ററിന് ആറു രൂപയാണ് കൂടുന്നത്. അതേസമയം, സംസ്ഥാനത്ത് പാൽ വില കൂട്ടിയപ്പോൾ തമിഴ്നാട് സർക്കാർ പാൽ വില കുറച്ചു.
പൊതുമേഖലാ സ്ഥാപനം മുഖേനയാണ് തമിഴ്നാട്ടിൽ പാൽ വിതരണം നടക്കുന്നത്. പാൽ വാങ്ങാൻ പൊതുജനങ്ങൾക്കായി ഡിസ്കൗണ്ട് കാർഡും ഏർപ്പെടുത്തിയിട്ടുണ്ട് സർക്കാർ.
പാൽവില മൂന്നു രൂപ കുറച്ചപ്പോഴുണ്ടാകുന്ന നഷ്ടം നികത്താൻ സർക്കാർ സബ്സിഡി നൽകിയിരിക്കുകയാണ്. ടോൺഡ് മിൽക്ക് ലിറ്ററിന് 43 രൂപയായിരുന്നത് 40 ആയി കുറഞ്ഞു.
അതേസമയം ഡിസ്കൗണ്ട് കാർഡുള്ളവർക്ക് 37 രൂപയ്ക്കു ലഭിക്കും. സ്റ്റാന്റേഡൈസ്ഡ് മിൽക്ക് 47 രൂപായിരുന്നത് 44 ആയി കുറഞ്ഞു. കാർഡുള്ളവർക്ക് 42 രൂപയ്ക്കും ലഭിക്കും.
ഈ സാഹചര്യത്തിലാണ് തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിൽ ലിറ്ററിന് ആറുരുപ വർധിപ്പിച്ചത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പാൽ വിലയീടാക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ മറ്റൊരു അയൽ സംസ്ഥാനമായ കർണാടകത്തിലും പാൽ വില കുറവാണ്.