എം ജെ ശ്രീജിത്ത്
തിരുവനന്തപുരം: പാൽവില കൂട്ടണമെന്ന് മിൽമ. ലിറ്ററിന് നാലു രൂപ കൂട്ടണമെന്ന ആവശ്യവുമായി മിൽമ സർക്കാരിനെ സമീപിക്കും. പാൽ ഉദ്പാദനം അസംസ്കൃത സാധനങ്ങളുടെ വില തുടങ്ങിയ കാര്യങ്ങൾ പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മിൽമ ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റിയെ നിയമിച്ചു.
ഈ കമ്മിറ്റി ഈയാഴ്ച മിൽമയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടുമായി മിൽമ ചെയർമാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രിയേയും ഭക്ഷ്യമന്ത്രിയേയും ധനമന്ത്രിയേയും കാണും. കാലിത്തീറ്റയുടെ വില വർധന കാരണം ക്ഷീരകർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ഒരു ചാക്ക് കാലിത്തീറ്റയുടെ വില 300 രൂപയാണ് വർധിച്ചിരിക്കുന്നത്. സംഭരിച്ച് വിൽപന നടത്തുന്നതിന് മിൽമയ്ക്ക് 48 രൂപയാണ് ചെലവ് വരുന്നത്. വിൽക്കുന്നത് 44 രൂപയ്ക്കും. നിലവിൽ 14 കോടി രൂപയുടെ നഷ്ടത്തിലാണ് മിൽമ പ്രവർത്തിക്കുന്നത്. ഈ നഷ്ടം ഓരോ ദിവസം കൂടുംതോറും കൂടിക്കൊണ്ടിരിക്കുകയാണ്. കാലിത്തീറ്റയുടെ വില വർധന കാരണം വിലകൂട്ടാതെ മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയാണെന്നാണ് മിൽമ പറയുന്നത്.
വില കൂട്ടണമെന്ന ആവശ്യവുമായി ഭക്ഷ്യമന്ത്രി പി .തിലോത്തമനെ മിൽമ അധികൃതർ കഴിഞ്ഞ മാസം കണ്ടിരുന്നു. ധനവകുപ്പിന്റെ തീരുമാനം അറിഞ്ഞിട്ട് വിലകൂട്ടുന്ന കാര്യത്തിൽ അഭിപ്രായം അറിയിക്കാമെന്ന് പറഞ്ഞാണ് മിൽമയെ ഭക്ഷ്യമന്ത്രി മടക്കി അയച്ചത്. കേരളം തമിഴ്നാട്,കർണാടകം, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് കാലിത്തീറ്റ ഉദ്പാദിപ്പിക്കുന്നതിനുള്ള അസംസ്കൃത ഉദ്പന്നങ്ങൾ മിൽമ ശേഖരിക്കുന്നത്. ഇതിന്റെ വില വൻ തോതിൽ വർധിച്ചതാണ് പ്രതിസന്ധി കൂടാൻ കാരണം. മിൽമ കർഷകർക്ക് സബ്സിഡി നിരക്കിലാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്.
ഈ നഷ്ടം നികത്തണമെങ്കിൽ പാൽവില കൂട്ടണം. അല്ലെങ്കിൽ നഷ്ടം നികത്താൻ സർക്കാർ സഹായം ലഭിക്കണമെന്നാണ് മിൽമയുടെ ആവശ്യം. കർണാടക സർക്കാർ നിലവിൽ അഞ്ചു രൂപയുടെ സബ്സിഡി ക്ഷീരകർഷകർക്ക് നൽകുന്നുണ്ട്. വില കൂട്ടിയില്ലെങ്കിൽ ഇതേ മാതൃകയിൽ സബ്സിഡി കേരളത്തിലും നടപ്പിലാക്കണമെന്ന ആവശ്യമാണ് മിൽമയും സർക്കാരിന് മുന്നിൽ വയ്ക്കുന്നത്.
സംസ്ഥാനത്ത് 3.75 ലക്ഷം ലിറ്റർ പാലാണ് മിൽമ വിറ്റഴിക്കുന്നത്. ഉദ്പാദനവും അത്രതന്നെ. എറണാകുളം മേഖലയിൽ മിൽമ ഇതരസംസ്ഥാനത്ത് നിന്ന് പാൽ വാങ്ങുന്നില്ല. ഉദ്പാദനം മുന്പത്തേക്കാൾ വർധിച്ചതിനാൽ ഇവിടെ പുറത്തു നിന്നു വാങ്ങാതെയാണ് വിതരണം നടത്തുന്നത്.
മിൽമ പാൽവില കൂട്ടിയാൽ ഇതര സംസ്ഥാനത്തു നിന്നുള്ള പാൽ കന്പനികൾ അതു മുതലാക്കുമെന്ന ആശങ്കയും മിൽമയ്ക്കുണ്ട്. അവർ വില കൂട്ടാതിരുന്നാൽ മിൽമ പ്രതിസന്ധിയിലാകും. ഇതിനു പരിഹാരമെന്ന നിലയിൽ ഇതരസംസ്ഥാനത്തു നിന്നുള്ള പാൽ കന്പനികളെ നിയന്ത്രിക്കണമെന്ന ആവശ്യവും മന്ത്രിയെ കാണുന്പോൾ ഉന്നയിക്കും.
പല കന്പനികളും ഗുണനിലവാരമില്ലാത്തതും സുരക്ഷാ പരിശോധനകൾ പാലിക്കാത്തതുമായ പാലാണ് സംസ്ഥാനത്തു വിതരണം ചെയ്യുന്നതെന്ന പരാതി വ്യാപകമാണ്. ഇതെല്ലാം ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടായിരിക്കും മിൽമ സർക്കാരിന് സമർപ്പിക്കുക. ഈ ആഴ്ച തന്നെ റിപ്പോർട്ട് സർക്കാരിന് നൽകും.