ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തതായി ആർപ്പൂക്കര സിഡിഎസ് അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കുടുംബശ്രീ മിഷൻ.
ആർപ്പുക്കര പഞ്ചായത്തിന്റെ എആർപി/14/2018 എന്ന രജിസ്ട്രേഷൻ നന്പരുള്ള കുടുംബശ്രീ യൂണിറ്റിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്.
മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ ആവശ്യപ്രകാരം ജില്ലാ കുടുംബശ്രീ മിഷന്റെ അനുമതിയോടെ ആർപ്പൂക്കര പഞ്ചായത്തിന്റെ സിഡിഎസ് ഗ്രൂപ്പിൽപ്പെട്ട കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ ആശുപത്രി കോന്പൗണ്ടിൽ മിൽമ ബൂത്ത് (ലഘുഭക്ഷണശാല) നടത്തിയിരുന്നു.
ഇത് കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുക്കാതെയും വാടക നൽകാതെയും പ്രവർത്തിച്ചതിനാൽ ഒഴിഞ്ഞു പോകണമെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവശ്യപ്പെട്ടു.
ഈ നിർദേശം അംഗീകരിക്കാതെ ആശുപത്രി അധികൃതർക്കെതിരേ മിൽമ ബൂത്ത് നടത്തുന്ന കുടുംബശ്രീ യൂണിറ്റ് കോടതിയെ സമീപിച്ചു. കഴിഞ്ഞ ഒക്ടോബർ 31 വരെ തുടരുവാൻ ഹൈക്കോടതി ലഘുഭക്ഷണശാല നടത്തിപ്പുകാർക്ക് അനുമതി നല്കുകയും ചെയ്തു.
ഈ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞു മാറാത്തതിനാൽ പഞ്ചായത്തിനും കുടുംബശ്രീ മിഷനും അപമാനമുണ്ടാക്കിയ ഈ കുടുംബശ്രീ യൂണിറ്റിന്റെ രജിസ്്രടേഷൻ റദ്ദാക്കുകയായിരുന്നു.
ഇനി മുതൽ കുടുംബശ്രീ യൂണിറ്റെന്ന പേരിൽ ഇവർക്ക് മിൽമ ബൂത്ത് നടത്താൻ അവകാശമില്ലെന്ന് ജില്ലാ കുടുംബശ്രീ അധികൃതർ രാഷ്്ട്രദീപികയോടു പറഞ്ഞു.
2019 മേയ് 16നാണ് കുടംബശ്രീ മിൽമ ബൂത്ത് പ്രവർത്തനം ആരംഭിച്ചത്. 2020 മാർച്ച് 31 വരെ ആയിരുന്നു കാലാവധി. മൂന്നു മാസത്തേക്ക് കൂടി പ്രവർത്തിക്കാൻ ആശുപത്രി വികസന സമിതി അനുമതി നൽകുകയായിരുന്നു.
ഇതിനിടയിൽ മിൽമ ബൂത്ത് പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്ന് മറ്റൊരു ഷെഡ് നിർമിച്ചു. സർക്കർ വക സ്ഥലത്ത് അനുവാദമില്ലാതെ അനധികൃതമായി ഷെഡ് നിർമിച്ചെങ്കിലും പ്രവർത്തിപ്പിക്കാൻ അധികൃതർ അനുവദിച്ചില്ല.
ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വാടകയായ മൂന്നു ലക്ഷത്തി മുപ്പതിനായിരം രൂപ ആശുപത്രി വികസന സമിതിക്ക് കുടിശിക ഇനത്തിൽ മിൽമ ബൂത്തിന്റെ പ്രവർത്തകരായ കുടുംബശ്രീ നൽകാനുണ്ട്. കൂടാതെ 4,00,689 രൂപയുടെ വൈദ്യുതി ബില്ലും അടയ്ക്കാനുണ്ട്.