കൽപ്പറ്റ: സമഗ്ര ക്ഷീരകർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ മിൽമ വയനാട് ഡയറിക്കുമുന്നിൽ പട്ടിണി സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കർഷകരിൽനിന്ന് വാങ്ങുന്ന ഒരു ലിറ്റർപാലിന് 16 രൂപ 17 പൈസ ലാഭമുണ്ടാക്കുന്ന മിൽമ സബ്സിഡിയുടെ പേരു പറഞ്ഞും കർഷകരെ ചൂഷണം ചെയ്യുകയാണ്. സബ്സിഡി മുഴുവൻ എടുത്തുകളഞ്ഞ് ഉത്പാദകന് അധിക വില നൽകണം.
2016 സെപ്റ്റംബർ ഒന്നുമുതൽ 2017 ഓഗസ്റ്റ് 31 വരെ അളന്ന പാലിന് 10 രൂപ അധിക വില ബോണസായി അനുവദിക്കണം.
നാല് ഫ്ളാറ്റുള്ള പാലിന് കർഷകന് ലിറ്ററിന് 31 രൂപ 93 പൈസ നൽകുന്പോൾ മിൽമ വാങ്ങുന്നത് 48 രൂപ 10 പൈസയാണ്. മിൽമയുടെ തീവെട്ടിക്കൊള്ളക്ക് ക്ഷീരസംഘം പ്രതിനിധികളായി എത്തിയവരും കുടപിടിക്കുന്നു.
വയനാട്ടുകാരൻ തന്നെയായ ചെയർമാൻ ഹോണറേറിയം ഇനത്തിൽ പ്രതിവർഷം കൈപ്പറ്റുന്നത് 3.60 ലക്ഷം രൂപയാണ്. ഡയറക്ടർമാർക്ക് സിറ്റിംഗ് ഫീസ് രണ്ടരലക്ഷം രൂപ. ഇതുമുഴുവൻ സഹിക്കേണ്ടത് പാവപ്പെട്ട ക്ഷീരകർഷകരാണ്. കാർഷിക മേഖല തകർന്നടിഞ്ഞപ്പോൾ ഒരുപാടാളുകൾ ക്ഷീരമേഖലയെ ആശ്രയിക്കുന്നുണ്ടിപ്പോൾ. എന്നാൽ മിൽമ കടുത്ത ചൂഷണമാണ് തുടരുന്നത്.
മറ്റു ജില്ലകളിൽ കർഷകർക്ക് പാൽ പ്രാദേശിക വിപണിയിൽ നല്ല വിലക്ക് വിൽക്കാൻ കഴിയുന്നുണ്ട്. എന്നാൽ, വയനാട്ടിൽ പ്രാദേശികമായി വിൽപന നടക്കാത്തതിനാൽ കർഷകർക്ക് മിൽമയെ ആശ്രയിക്കാതെ തരമില്ല. കഴിഞ്ഞ വർഷത്തെ വിലവർധനയിൽ മാത്രം മിൽമ മലബാർ മേഖലയുടെ ലാഭം ആദ്യലാഭത്തിനു പുറമെ ഏഴുകോടി രൂപയാണ്. കാലിത്തീറ്റക്കടക്കം വൻ തോതിൽ വില വർധിച്ചിട്ടും കർഷകന് പാലിന് കൂടുതൽ വില നൽകാൻ മിൽമ തയാറാകുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.