പാലക്കാട്: സംസ്ഥാനാതിർത്തി കടന്നെത്തുന്ന പാലിന്റെ പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. അടുത്തകാലത്തായി മീനാക്ഷിപുരത്തെ ക്ഷീരവികസന വകുപ്പിനു കീഴിലുള്ള പാൽ പരിശോധന കേന്ദ്രത്തിൽ വെച്ച് നാലു തവണയാണ് തമിഴ്നാട്ടിൽ നിന്നുള്ള ഗുണനിലവാരമില്ലാത്ത പാൽ പിടിച്ചത്.
ഗുണമേന്മയുള്ള പാലിനേക്കാൾ കൂടുതലാണ് ഗുണമേന്മയില്ലാത്ത പാലും എത്തുന്നതെന്ന് ഇവർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. പാലിൽ കൊഴുപ്പ് കൂട്ടുന്നതിനായി ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നത് മാരക രോഗങ്ങൾക്കുകാരണമാവുന്നതാണ്. തമിഴ്നാട്ടിൽ നിന്നുള്ള ചില പാലിൽ ഇത്തരം വസ്തുക്കളുടെ അളവ് കൂടുതലാണെന്നാണ് പറയപ്പെടുന്നത്.
ഗുണമേന്മയുള്ള പാലിൽകൊഴുപ്പിന്റെ അളവ് മൂന്ന് ശതമാവും പ്രോട്ടീൻ, ലാക്ടോസ് മറ്റു ധാതുലവണാംശങ്ങളുള്ള ഖരപദാർത്ഥങ്ങളുടെയളവ് 8.5 ശതമാവും വേണമെന്നാണ് കണക്ക്. സംസ്ഥാനത്തെ ക്ഷീരസംഘങ്ങൾ കർഷകരിൽ നിന്നും ലിറ്ററിന് 35 മുതൽ 42 രൂപ വരെ നൽകി പാൽ സംഭരിക്കുന്പോൾ തമിഴ്നാട്ടിൽ 30 രൂപക്ക് ലഭിക്കുന്ന പാൽ ഇടനിലക്കാരിലൂടെ സംഭരിച്ച് കേരളത്തിലേക്കൊഴുക്കുകയാണ് ചെയ്യുന്നത്.
നിലവിൽ മീനാക്ഷിപുരത്തുമാത്രമാണ് പാൽ പരിശോധന കേന്ദ്രമുള്ളതെന്നിരിക്കെ മറ്റു ഭാഗങ്ങളിലൂടെ വരുന്ന വാഹനങ്ങൾ പരിശാധിക്കാൻ സംവിധാനങ്ങളില്ല.പ്രതിദിനം മീനാക്ഷിപുരത്തെ കേന്ദ്രം വഴി അന്പതോളം ചെറുതും വലുതുമായ വാഹനങ്ങളിലൂടെ മൂന്നു ലക്ഷത്തിലധികം ലിറ്റർ പാലാണ് കേരളത്തിലേക്കെത്തുന്നത്. അതേസമയം പരിശോധനകൾക്കു പിടികൊടുക്കാതെ ഉൗടുവഴികളിലൂടെയെത്തുന്നവ വേറെയുമുണ്ടെന്നാണ് കണക്ക്.
പൊള്ളാച്ചിയിൽ കെ.ടി .ഡയറി ഫാമിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുപോയ 1100 ലിറ്റർ പാൽ പിടികൂടിയിരുന്നു. നിരവധിപേരുകളിലാണ് ഇത്തരം പേക്കറ്റ് പാൽ എത്തുന്നത്. കൊഴുപ്പും അളവും കൂടിയതിനാലും ഇത്തകരം പാലിന് ആവശ്യക്കാരേറെയുണ്ടത്രെ. കേരളത്തിൽ കൂടുതലായും തമിഴ്നാട് പാൽ ചെലവാകുന്നത് കേരള അതിർത്തി പങ്കിടുന്ന പാലക്കാട് ജില്ലയിലാണ്.
ആഘോഷവേളകളടുക്കുന്നതോടെ തമിഴ്നാട്ടിൽ നിന്നുള്ള പാൽകടത്തിന്റെ തോത് വർധിക്കും. ഒരു വർഷം മുന്പ് ഇത്തരത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള 14 ഓളം കന്പനികളുടെ പാക്കറ്റ് പാലുകളുടെ വിൽപ്പന സംസ്ഥാനത്ത് നിരോധിച്ചിരുന്നു.
സംസ്ഥാനാതിർത്തിയായ വാളയാറിലും പാൽ പരിശോധന കേന്ദ്രം ഉദ്ഘാടനം ചെയ്തെങ്കിലും നാളുകൾ കഴിഞ്ഞതോടെ ഇവിടുത്തെ പ്രവർത്തനങ്ങളും ഇഴഞ്ഞ മട്ടാണ്. കൊഴിഞ്ഞാന്പാറ, പൊള്ളാച്ചി, സേലം, ട്രിച്ചി, ഉടുമൽപേട്ട എന്നിവിടങ്ങളിൽനിന്നാണ് പാൽ കൂടുതലായും എത്തുന്നത്.
ചെറിയ പാക്കറ്റുകളിലും ലഭിക്കുമെന്നതിനാൽ വീടുകളിലും ഇത്തരത്തിലുളള തമിഴ്നാട് പാലിന് ആവശ്യക്കാരേറെയാണ്. അതിനാൽ അതിർത്തികടന്നെത്തുന്ന പാലിന്റെ പരിശോധനകൾ കാര്യക്ഷമമാക്കണമെന്നാണ് ജനകീയ ആവശ്യം.