മട്ടന്നൂർ: പാൽ ഉത്പാദനരംഗത്ത് മിൽമ സ്വീകരിച്ചുവരുന്നത് തെറ്റായ വഴിയാണെന്ന് ഇ.പി. ജയരാജൻ എംഎൽഎ. പാലയോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് കാര പേരാവൂരിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദിനംപ്രതി ഏഴുമുതൽ എട്ടുലക്ഷം ലിറ്റർ പാലാണ് മിൽമ ക്ഷീരകർഷകരിൽനിന്നു വാങ്ങുന്നത്. എന്നാൽ പതിമൂന്നര ലക്ഷം ലിറ്ററാണു വിൽക്കുന്നത്. അധികം വിൽക്കുന്ന പാൽ തമിഴ്നാട്ടിൽനിന്ന് കൃത്രിമ പാൽ പാക്കറ്റ് കൊണ്ടുവന്നാണ് ഉത്പാദിപ്പിക്കുന്നത്.
ഇത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. ലാഭത്തിനനുസരിച്ച് മിൽമ ക്ഷീരകർഷകർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ജയരാജൻ പറഞ്ഞു. പാലിന്റെ വില വർധിപ്പിച്ചാൽ അത് പൂർണമായും ക്ഷീരകർഷകർക്കു നൽകണം. മിൽമ അതു ചെയ്യുന്നില്ല. കണ്ണൂർ ജില്ലയിൽ പാൽ ഉത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1,000 പശുക്കളെ വളർത്തുന്ന പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
200 പേർക്ക് നേരിട്ടും 800 ഓളം പേർക്ക് പരോക്ഷമായും തൊഴിലവസരം സൃഷടിക്കാനും ലക്ഷ്യമിടുന്നതാണ് ഈ ബൃഹദ് പദ്ധതി. കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജയിൻ ജോർജ് പദ്ധതി വിശദീകരിച്ചു.
ജില്ല പഞ്ചായത്ത് അംഗം പി. ഗൗരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. രാഘവൻ, ടി. രുധീഷ്, വി. അംബിക, കെ. രാഗേഷ്, ബിജു സ്കറിയ, എം.വി. ജയൻ , പി.സുരേഷ് ബാബു, ഡോ. ടോണി ജോസ്, പി.പി. സുരേന്ദ്രൻ, സി.സജീവൻ, ഷിന്റോ അലക്സ്. എൻ. സൗമിനി, പി.നന്ദനൻ, പി.വിജയൻ എന്നിവർ പ്രസംഗിച്ചു. സംഘത്തിലെ ഏറ്റവും പ്രായം ചെന്ന ക്ഷീരകർഷകരായ കൈപ്പത്ത് കൃഷ്ണന്ത്യ, പി.കെ. കല്യാണി, എം.വി. മീനാക്ഷി സംഘത്തിൽ 2016-17ൽ ഏറ്റവും കൂടുതൽ പാൽ അളന്ന എൻ. നളിനി എന്നിവരെ ചടങ്ങിൽ ആദരിച്ചു.