അഗളി: പാൽശേഖരണത്തിൽ മിൽമ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ക്ഷീര കർഷകർക്ക് കനത്ത തിരിച്ചടിയായി. പ്രതിദിനം 60 ശതമാനത്തിലധികം പാൽ ശേഖരിക്കേണ്ടതില്ലെന്ന നിർദ്ദേശമാണ് ക്ഷീരകർഷകരെ ദുരിതത്തിലാക്കിയത്.
ക്ഷീരോൽപാദനം ഒന്നുകൊണ്ട് മാത്രം ദൈനംദിന ജീവിതം നയിക്കുന്ന രണ്ടായിരത്തിലധികം ക്ഷീരകർഷക കുടുംബങ്ങളാണ് അട്ടപ്പാടിയിലുള്ളത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ 2021 മെയ് ഒന്ന് മുതൽ പത്ത് വരെ ക്ഷീര കർഷകർ സംഘങ്ങളിൽ അളന്ന ശരാശരി പ്രതിദിന പാലിന്റെ 60 ശതമാനത്തിൽ അധികം പാൽ ക്ഷീരകർഷകരിൽ നിന്ന് ശേഖരിക്കരുതെന്നും മെയ് 18 മുതൽ ഉച്ച കഴിഞ്ഞുള്ള പാൽ ക്ഷീര സംഘങ്ങളിൽ സ്വീകരിക്കരുതെന്നും ഏതെങ്കിലും ക്ഷീരസംഘങ്ങൾ മേൽപ്പറഞ്ഞ 60 ശതമാനത്തിലധികം പാൽ മിൽമയിലേക്കയക്കുന്ന പക്ഷം അധിക പാലിന് വില നൽകുന്നതല്ലെന്നും മിൽമ മലബാർ റീജിയണൽ കോർപറേറ്റീവ് മിൽക്ക് പ്രൊഡക്ഷൻ യൂണിയൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
സർക്കുലർ പ്രകാരം ഇന്നലെ അട്ടപ്പാടിയിലെ ക്ഷീരസംഘങ്ങൾ ഉച്ചക്ക് ശേഷം പാൽ സംഭരണം നടത്തിയിട്ടില്ല. രാവിലെ അധികമായി കൊണ്ടുവന്ന പാൽ സൊസൈറ്റികൾ സ്വീകരിക്കാതെ മടക്കിയയച്ചു.
ഒറ്റപ്പെട്ട കാർഷിക മേഘലയായ കുറവാൻപടി സംഘത്തിലെ ക്ഷീര കർഷകനായ കുന്നിൽ അജി 45ലിറ്റർ പാലാണ് പ്രതിദിനം സംഘത്തിൽ അളന്നിരുന്നത്. സംഘം തിരിച്ചയച്ച പാൽ അദ്ദേഹത്തിന് നഷ്ടമായി.
അൻപത് ലിറ്റർ പാൽ അളന്നിരുന്ന മുണ്ടൻപറ സംഘത്തിലെ പാടയാട്ടിൽ സിബുവിനും കനത്ത നഷ്ടമാണുണ്ടായത്. ഇത്തരത്തിൽ നിരവധി കർഷകർക്ക് നഷ്ടം സംഭവിച്ചു.
ക്ഷീരവികസന മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കുന്നതിനായി മോഹന വാഗ്ദാനങ്ങൾ നൽകി ക്ഷീരവികസനവകുപ്പ് ബഹുവിധ പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഇതോടെ നിരവധി യുവാക്കൾ കാലി വളർത്തൽ രംഗത്തേക്ക് കടന്നുവന്നു.
വിപുലമായ രീതിയിൽ കാലിവളർത്തൽ നടത്തുന്നതിനായി ചെറുതും വലുതുമായ ഫാമുകൾ രൂപീകരിച്ചവരുമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ പെട്ട് നട്ടംതിരിയുന്ന അവസ്ഥയിലാണ് അപ്രതീക്ഷിതമായി പാൽ സ്വീകരണത്തിൽ മിൽമ വിലക്കേർപ്പെടുത്തിയത്.
ഇന്നലെ നിരവധി കർഷകർ ഉത്പാദിപ്പിച്ച പാൽ നശിക്കുക യുണ്ടായി. അട്ടപ്പാടിയിൽ മാത്രം ഇരുപത്തിയയ്യായിരം ലിറ്റർ പാലാണ് പ്രതിദിന ഉത്പാദനം. ക്ഷീര കർഷകരുടെ ജോലിയിൽ യാതൊരു തരത്തിലുള്ള ഇളവും ലഭിക്കുന്നില്ല.
കാലിതൊഴുത്തു വൃത്തിയാക്കുന്നത് മുതൽ കുളിപ്പിച്ചു തൊഴുത്തിൽ കെട്ടുന്നതുവരെയുള്ള പ്രക്രിയകൾ ചിട്ടയായി നടത്തേണ്ടതുണ്ട്. ഇതിനിടെ പാൽ കറക്കലും തീറ്റ കൊടുക്കലും എല്ലാം നടത്തണം.
മിൽമ പാൽ നിഷേധിച്ചാലും പശുവിന്റെ പാൽ കറന്നെടുക്കാതിരിക്കാനാവില്ല.മിൽമ നിഷേധിക്കുന്ന പാൽ കമിഴ്ത്തി കളയുകയല്ലാതെ കർഷകരുടെ മുന്നിൽ മറ്റു മാർഗങ്ങളില്ല. ക്ഷീരകർഷകരെത്തിക്കുന്ന മുഴുവൻ പാലും മിൽമ ശേഖരിക്കാൻ തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം.
സംസ്ഥാനത്തു കഴിഞ്ഞ എട്ടാം തിയതി മുതൽ ആരംഭിച്ച ലോക്ക് ഡൗണിനെ തുടർന്ന് പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും വിപണനം നന്നേ കുറഞ്ഞു.
പാൽവില വർദ്ധിപ്പിക്കുവാനും എല്ലാവിധ സഹായങ്ങളും നൽകുവാനും മേഖലാ യൂണിയൻ തീവ്രമായി നടത്തി വരികയാണ്. ഓണ്ലൈനായി പാൽ ഉപഭോക്താക്കൾക്ക് എത്തിക്കുന്നത് അടക്കം വിവിധമായ പദ്ധതികൾ അനസ്യൂതം നടത്തിവരുന്നുണ്ട്.
എന്നാൽ പാലുല്പാദനം പ്രതിദിനം വർധിച്ചുവരികയാണ്. മേഖല യൂണിയന്റെ പ്രവർത്തന മേഖലയിൽ മിക്കയിടങ്ങളിലും വ്യാപക മഴ ലഭിച്ചതിനെത്തുടർന്ന് പാലുല്പാദനം വർധിച്ചു.
ഇപ്പോഴത്തെ ശരാശരി പ്രതിദിന പാൽ സംഭരണം എട്ടു ലക്ഷം ലിറ്ററിൽ എത്തിയപ്പോൾ വിപണനം നാലു ലക്ഷം ലിറ്റർ മാത്രമാണെന്ന് മിൽമ മലബാർ റീജിയണൽ ഭാരവാഹികൾ പറഞ്ഞു.
ക്ഷീര മേഖലയിലെ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് അടിയന്തര ചർച്ചകൾ നടന്നുവരികയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.