ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ കനത്ത നാശം വിതച്ച “മില്ട്ടന്’ ചുഴലിക്കൊടുങ്കാറ്റ് തീരം വിട്ടു. 11 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്നു 30 ലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു.
വിവിധ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗത്തിൽ കരതൊട്ട മില്ട്ടന് ചുഴലിക്കൊടുങ്കാറ്റ് ശക്തികുറഞ്ഞ് 150 കിലോമീറ്ററിലേക്കു താഴ്ന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടക്കത്തിൽ കാറ്റഗറി അഞ്ചിൽ പെടുത്തിയിരുന്ന കാറ്റ് നിലവിൽ കാറ്റഗറി ഒന്നിലാണുള്ളത്.
ഫ്ലോറിഡയിലൂടെ കടന്നുപോയി വീണ്ടും അറ്റ്ലാന്റിക് സമുദ്രത്തില്‍ പ്രവേശിക്കുന്ന മില്‍ട്ടന്റെ വേഗം ഇനിയും താഴും. താംപ, സെന്റ് പീറ്റേഴ്സ്ബര്‍ഗ് എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഇതുവരെ 42.2 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഫ്ലോറിഡയിലെ ചില മേഖലകളിൽ ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്.
മുന്നറിയിപ്പ് പ്രകാരം ലക്ഷക്കണക്കിനാളുകളെ ഒഴിപ്പിച്ചിരുന്നതിനാലാണു ആളപായം കുറഞ്ഞത്. ഇതിനിടെ പടിഞ്ഞാറന്‍ യൂറോപ്പില്‍ വീശിയ “കിര്‍ക്ക്’ എന്നു പേരുള്ള ചുഴലിക്കൊടുങ്കാട്ട് ഫ്രാന്‍സ്, സ്പെയിന്, പോര്‍ച്ചുഗല്‍ രാജ്യങ്ങളില്‍ നാശം വിതച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തി.