ഒരു നിമിഷം മതി ജീവിതം മാറിമറിയാന്‍ എന്ന ഡയലോഗ് ഒരു ചാനല്‍ ഷോയ്ക്കായി സുരേഷ് ഗോപി പറഞ്ഞതാണ്. എന്നാല്‍, ഒരൊറ്റ ടിവി ഷോയിലൂടെ ജീവിതം മാറിമറിഞ്ഞ അവസ്ഥയിലാണ് ചില മിമിക്രി കലാകാരന്മാര്. ഫഌവേഴ്സ് ചാനലില്‍ ശ്രീകണ്ഡന് നായര്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റിനെതിരേ സംഘടിത ആക്രമണമുണ്ടായതാണ് സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കു വഴിമരുന്നിട്ടത്. ഏലൂര്‍ ജോര്‍ജ്, കോട്ടയം അലക്സ്, ഗോപന് മംഗലത്ത്, എന്നി മിമിക്രി താരങ്ങളടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ പലരുടെയും ഫേസ്ബുക്ക് പേജുകളില്‍ തെറിയഭിഷേകം നടത്തുകയാണ് ആളുകള്‍.
ശ്രീകണ്ഡന്നായര് ഷോ കഴിഞ്ഞതോടെ ഫോണ്‍ ഉപയോഗിക്കാന്‍ തന്നെ പേടിയാണെന്നാണ് ഒരു മിമിക്രി കലാകാരന് രാഷ്ട്രദീപികഡോട്ട്കോമിനോട് പറഞ്ഞത്. ഇനിയൊരിക്കലും സന്തോഷ് പണ്ഡിറ്റുള്ള ഷോയില്‍ പങ്കെടുക്കുകയുമില്ല. ഫോണിലൂടെ വധഭീഷണി വന്ന മറ്റൊരു കലാകാരന് ഇപ്പോള്‍ സ്റ്റേജ് ഷോകള്‍ മിക്കതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്റ്റേജ് ഷോയ്ക്കെത്തിയാല് തല തെറിപ്പിക്കുമെന്ന ഭീഷണി കാരണമാണിത്. പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെയായിരുന്നു ഈ താരം പ്രതികരിച്ചത്.
കോഴിക്കൂട് പോലെ മുടിയുള്ള കോട്ടയം അലക്സിന് ഇപ്പോള്‍ ഫോണ്‍ റിംഗ് ചെയ്യുന്നത് കേള്‍ക്കുമ്പോഴെ ഉളളില്‍ പേടിയാണ്. മറുതലയ്ക്കല്‍ മിക്കവാറും അസഭ്യവര്‍ഷമായിരിക്കും. ഒരു ടെലിവിഷന്‍ ടോക്ഷോ കൊണ്ട് ഇത്രയും തെറികേള്‍ക്കേണ്ടി വരുമെന്ന് വിചാരിച്ചില്ലെന്ന് അലക്സ് പറഞ്ഞു. എന്നാല്‍ സന്തോഷ് പണ്ഡിറ്റിന്റെ സൈഡില്‍ നിന്ന് മാത്രമാണ് ആളുകള്‍ ചിന്തിച്ചത്. മിമിക്രി കലാകാരന്മാര് പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ അല്‍പ്പം ഹാസ്യം ഉള്‍ക്കൊളളിക്കണമെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു. തമാശയായി പറഞ്ഞ പലകാര്യങ്ങള്‍ക്കും സന്തോഷ് പണ്ഡിറ്റ് മോശമായാണ് പ്രതികരിച്ചത്. 25 കൊല്ലമായി മിമിക്രി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏലൂര്‍ ജോര്‍ജ് അടക്കമുളള കലാകാരന്മാരെ കളിയാക്കിയ സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ മാന്യനായെന്നും പരിപാടിയില്‍ പങ്കെടുത്ത തന്നെപോലെയുളള കലാകാരന്മാര് അപമാനിക്കപ്പെടുകയാണെന്നും കോട്ടയം അലക്സ് പറയുന്നു.