
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: കോവിഡ് വ്യാപനത്തെ തുടർന്ന് മിമിക്രി കലാകാരൻമാരെല്ലാം ഇപ്പോൾ വറുതിയുടെ കഷ്ടപ്പാടുകളിലാണ്. സീസണിലെ സ്റ്റേജ് പരിപാടികളെല്ലാം കോവിഡിൽ ഇല്ലാതായതിന്റെ സാന്പത്തിക ഞെരുക്കം പഞ്ഞ കർക്കടകത്തിൽ വല്ലാതെ വലക്കുമെന്ന ആശങ്കയിലാണ് ഈ വിഭാഗം കലാകാരൻമാർ.
തട്ടീംമുട്ടീം കടം പറഞ്ഞും കടം വാങ്ങിയും ജൂണ് കടന്നു പോയി.
കള്ള കർക്കടകവും ചിങ്ങവും എങ്ങനെ തള്ളി നീക്കും എന്ന് ഇവർക്ക് നിശ്ചയമില്ല. ആൾകൂട്ടങ്ങളാണ് സ്റ്റേജ് പരിപാടികളുടെ ജീവൻ. കോവിഡ് ആൾകൂട്ടങ്ങൾക്ക് തടസം നിന്നപ്പോൾ മാസങ്ങളോളം പ്രയത്നിച്ച് പരിശീലിച്ചെടുത്ത പൊട്ടിച്ചിരികളുടെ ഹാസ്യ നുറുങ്ങുകളെല്ലാം കാലാഹരണപ്പെട്ടു.
അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് സ്വന്തം വീട്ടിൽ തന്നെ ഭാര്യക്കും മക്കൾക്കും മുന്നിൽ ഇടക്കിടെ റിഹേഴ്സൽ നടത്തി ചിരിയുടെ മർമ്മം ചൊരാതെ നിലനിർത്തുകയാണ് ഈ കലാകാരൻമാരിപ്പോൾ.
ആവർത്തനം വീട്ടുക്കാർക്കും മടുപ്പുണ്ടാക്കുന്നുണ്ടെങ്കിലും കുടുംബനാഥന്റെ മനോവ്യഥ മനസിലാക്കി ചിരിച്ച് മടുത്ത തമാശകൾ കണ്ടും കേട്ടും വീണ്ടും അവർ ഉറക്കെ ചിരിച്ച് പ്രോത്സാഹിപ്പിക്കും.
മിമിക്രി ആർട്ടിസ്റ്റ് കിഴക്കഞ്ചേരി കോരഞ്ചിറ സ്വദേശി ഹരികൃഷ്ണൻ, വറുതിയുടെ ദിനങ്ങൾ പങ്കുവെക്കുന്പോൾ കലാകാരൻമാർ നേരിടുന്ന സാന്പത്തിക പ്രയാസങ്ങളുടെ ആഴം ഉൗഹിക്കാനാകും. ഫെബ്രുവരി മാസം മുതൽ മേയ് മാസം വരെയാണ് സ്റ്റേജ് പരിപാടികൾ അരങ്ങേറിയിരുന്നത്.
ദിവസം രണ്ടും മൂന്നും പരിപാടി വരെ കിട്ടിയിരുന്ന ദിവസങ്ങളുണ്ടായിരുന്നു. ഒരു സ്റ്റേജിൽ നിന്നും വേഷം മാറാതെ മറ്റൊരു സ്റ്റേജിലേക്ക്. മെഗാഷോ ടീമിലെ ഡാൻസർമാരും പാട്ടുകാരും കോവിഡിന്റെ മഹാമാരിയിൽ തുല്യ ദു:ഖിതരാണ്.
ജന്മസിദ്ധമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്പോഴാണ് ഒരു നല്ല കലാകാരനാവുകയെന്ന് കാൽ നൂറ്റാണ്ട് കാലം മിമിക്രി രംഗത്ത് സജീവമായി നിൽക്കുന്ന കിഴക്കഞ്ചേരി കോരഞ്ചിറ സ്വദ്ദേശി ഹരികൃഷ്ണൻ പറയുന്നു.മിമിക്രിയുടെ ആദ്യ സ്റ്റേജ് വീടു തന്നെയാണ്.ഭാര്യയും മക്കളും മറ്റു വീട്ടുകാരുമാകും കാണികൾ.
പരിപാടി കണ്ട് വീട്ടുകാർ സൂപ്പർ എന്ന് പറയുന്പോഴാണ് നാട്ടിലെ സ്റ്റേജുകളിൽ ഒരു കലാകാരൻ പ്രത്യക്ഷപ്പെടുക. നാട്ടുകൂട്ടത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഉണ്ടായാൽ പിന്നെ കലാകാരൻ ഉയരും. ഹരികൃഷ്ണൻ പറയുന്നു.
മറ്റു കലകളെപ്പോലെ മിമിക്രിയിൽ പരിശീലനം നൽകുന്ന സർക്കാർ അംഗീകൃത കേന്ദ്രങ്ങൾ വിരളമാണ്. കലാപ്രേമികളുടെ പിന്തുണയാണ് ഇവരുടെ അംഗീകാരം. സ്വന്തം പ്രയത്നത്തിലൂടെ വളർന്ന് വന്നവരാണ് ഇവരെല്ലാം .
ഇതിനാൽ തന്നെ മിമിക്രി കലാകാരനാണെന്ന് തെളിയിക്കാനുള്ള അംഗീകൃത സർട്ടിഫിക്കറ്റുകളൊന്നും ഇവരുടെ കൈവശമില്ല. ഇത് സർക്കാർ ആനുകൂല്യങ്ങളിൽ നിന്നും പുറന്തള്ളപ്പെടാൻ കാരണമാകുന്നതായി മാധ്യമ പ്രവർത്തകൻ കൂടിയായ ഹരികൃഷ്ണൻ പറയുന്നു.
കോവിഡിന്റെ ധനസഹായത്തിന് ജനപ്രതിനിധികളുടെ സാക്ഷ്യപത്രത്തോടെ ലളിതകലാ അക്കാദമിയിൽ അപേക്ഷ നൽകണമെന്ന നിർദ്ദേശത്തെ തുടർന്ന് അപേക്ഷ നൽകിയെങ്കിലും മിമിക്രി കലാകാരൻമാരെ മാത്രം ഒഴിവാക്കി.
ചാനലുകളിലും മറ്റു സ്റ്റേജുകളിലും അനുകരണകലക്ക് വലിയ ജനപിന്തുണ സൃഷ്ടിച്ച ഹരികൃഷ്നെപ്പോലെ നിരവധി മിമിക്രി കലാകാരൻമാരുണ്ട്. മറ്റുള്ളവരെ പെട്ടെന്ന് കരയിപ്പിക്കാൻ ഒരാൾക്ക് കഴിഞ്ഞെന്ന് വരാം.
എന്നാൽ ശരീരഭാഷയും ആംഗ്യങ്ങളും ഭാഷയും കേട്ടും കണ്ടും ഒരാളെ പരിസരം മറന്ന് പൊട്ടിച്ചിരിപ്പിക്കാൻ വളരെ പ്രയാസമാണ്. സാഹചര്യത്തിനൊപ്പവും കാലഘട്ടത്തിനനുസൃതവുമായി മിമിക്രിയിൽ നവീകരണം ഉണ്ടാകണം .
അതല്ലെങ്കിൽ ജനം അംഗീകരിക്കില്ല. പ്രശസ്ത നടൻ ദിലീപിന്റെ ഡ്യൂപ്പായി വേദികളിൽ എത്തുന്ന കലാകാരനാണ് ഹരികൃഷ്ണൻ. ദിലീപിന്റെ ചാന്ത്പൊട്ട്, മായാമോഹിനി, കുഞ്ഞിക്കൂനൻ തുടങ്ങിയ വേഷങ്ങൾ ഹരികൃഷ്ണൻ ദിലീപിനെ അനുകരിച്ച് ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്.