ലോകത്താരുടെയും എന്തിന്റെയും സ്വരം അതേപടി അനുകരിക്കാന്‍ കഴിയുന്ന മിമിക്രി കലാകാരന്മാര് ധാരാളമുണ്ട്. തന്റെ ഈ പ്രത്യേക കഴിവിനെ ദുരുപയോഗം ചെയ്ത ഡിണ്ടിഗല്‍ സ്വദേശിയായ സവാരി മുത്തു എന്ന മിമിക്രിക്കാരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഇങ്ങനെ…
ഒരു മാസം മുമ്പ് വൈദ്യുതി മന്ത്രി പി തങ്കമണിയുടെ ശബ്ദം അനുകരിച്ച് സവാരി മുത്തു തെര്‍മ്മല്‍ യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയകുമാറിനെ പവര്‍ പ്രൊഡക്ഷന്‍ യൂണിറ്റിന്റെ കല്‍ക്കരി വിഭാഗത്തിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. മന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതല്ലേ. അവര്‍ അക്ഷരം പ്രതി അനുസരിച്ചു. എന്നാല്‍ ഡ്യൂട്ടി ശരിയായി നിര്‍വ്വഹിക്കാത്തതിന്റെ പേരില്‍ ജയകുമാര്‍ ഉടന്‍തന്നെ സസ്പെന്‍ഷനിലായി. സസ്പെന്ഷന് പിന്‍വലിക്കണമെന്ന ആവശ്യവുമായി മന്ത്രിയുടെ അടുത്ത് നേരിട്ട് എത്തിയപ്പോഴാണ് കള്ളി വെളിച്ചത്താവുന്നത്. ഇയാളെ സ്ഥലം മാറ്റണമെന്ന് താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി തീര്‍ത്തുപറഞ്ഞു.
ഇതിനുശേഷം ഫോണ്‍കോളുകളെ കേന്ദ്രീകരിച്ച് നടന്ന വിശദമായ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ മിമിക്രിക്കാരനായ മുത്തുവാണെന്ന് തെളിഞ്ഞത്. ഇയാളെ പിടികൂടി ചോദ്യം ചെയ്ത പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വനിതാ വൈദ്യുതി മന്ത്രി പി തങ്കമണിയുടെ ശബ്ദം ഉപയോഗിച്ച് തെര്‍മ്മല്‍ പവര്‍ യൂണിറ്റിലെ 28 ജീവനക്കാരെയാണേ്രത മുത്തു സ്ഥലം മാറ്റിയിരിക്കുന്നത്. അതും വെറും ഒരുമാസത്തിനുള്ളില്‍. ഏതായാലും മുത്തുവിന്റെ ഈ മിമിക്രി പ്രകടനത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും ഇടപെടല്‍ ഉണ്ടോ എന്ന് അന്വേഷിച്ചുവരികയാണ് പോലീസ്.