സ്വാഗതം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ ഗായികയാണ് മിനി ജോസഫ് എന്ന മിന് മിനി.
മിനിയുടെ ശബ്ദം മാധുര്യം തിരിച്ചറിഞ്ഞ ഗായകന് ജയചന്ദ്രന് ഇളയരാജയോട് മിനിയുടെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു.
അങ്ങനെ 1991 ല്‍ മിനിയും അച്ഛനും ഇളയരാജയെ കാണാനായി ചെന്നു. ഒരു കീര്‍ത്തനം ആലപിക്കാനാണ് മിനിയോട് ആദ്യം ഇളയരാജ ആവശ്യപ്പെട്ടത്.
പക്ഷേ കീര്‍ത്തനം അറിയില്ല എന്ന് മിനി പറഞ്ഞതോടെ ഇഷ്ടമുള്ള പാട്ട് പാടാനായി നിര്‍ദ്ദേശം. ആദ്യഗാനം കേട്ട് കഴിഞ്ഞപ്പോള്‍ മറ്റൊന്ന് കൂടി പാടാന്‍ ഇളയരാജ മിനിയോട് ആവശ്യപ്പെട്ടു.
മിനിയുടെ സ്വരമാധുര്യം അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായി.അതേ ദിവസം തന്നെ ഇളയരാജ മിനിയെ കൊണ്ട് ‘ മീര ‘ എന്ന തമിഴ് ചിത്രത്തിലെ പാട്ടു പാടിക്കുകയും ചെയ്തു.
മിനി ജോസഫ് എന്ന പേര് മാറ്റി തമിഴ് ചുവ ഉള്ള ‘ മിന് മിനി ‘ എന്ന പേര് സമ്മാനിച്ചതും ഇളയരാജ ആണ്.
ഇപ്പോഴിതാ ഇളയരാജക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് മിന് മിനി. റഹ്മാന്റെ പാട്ട് ഹിറ്റായതോടെ ഇളയരാജ തന്നെ പാടാന്‍ വിളിച്ചിട്ടില്ല എന്നാണ് ഗായിക പറയുന്നത്.
എം.ജി. ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പാടാം നേടാം പണം നേടാം സംഗീതപരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് മിന്മിനിയുടെ വെളിപ്പെടുത്തല്‍.
മിന്മിനിയുടെ വാക്കുകള്‍ ഇങ്ങനെ… ‘മദ്രാസില്‍ വച്ചുണ്ടായ ഒരു തിക്താനുഭവം ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. രാജാ (ഇളയരാജ) സാറിന്റെയടുത്ത് എനിക്ക് എന്നും ഒരു പാട്ടുണ്ടാവും.
ദേവാ സാറിന്റെയും വിദ്യാസാഗറിന്റെയും കീരവാണി സാറിന്റെയുമൊക്കെ ഒത്തിരി പാട്ടുകള്‍ മുമ്പ് പാടിയിട്ടുണ്ട്. ഇതൊന്നും രാജാ സാര്‍ അറിയുന്നുണ്ടായിരുന്നില്ല. അറിഞ്ഞത് ചിന്ന ചിന്ന ആസൈ പാടിയപ്പോഴാണ്.
ഇത് ഞാന്‍ പറയാന്‍ പാടുണ്ടോ എന്നെനിക്കറിയില്ല. ചിന്ന ചിന്ന ആസൈ ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയം. രാജാ സാറിന്റെ താലാട്ട് എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ് എ.വി.എം.ആര്.ആര് സ്റ്റുഡിയോയില്‍ നടക്കുകയാണ്.
ടേക്ക് എടുക്കുന്നതിന് മുമ്പ് സാര്‍ ചെറിയ കറക്ഷന്‍സ് പറഞ്ഞുതരാന്‍ വന്നു. ഗായകന് മനോ അണ്ണനും അവിടെയുണ്ടായിരുന്നു. കറക്ഷനുകളൊക്കെ പറഞ്ഞുതന്നിട്ട് സാര്‍ തിരിച്ചുപോയി.
പക്ഷേ മുറിയുടെ വാതിലിന്റെ അടുത്തുവരെ പോയിട്ട് തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു, നീ എന്തിനാണ് അവിടെയും ഇവിടേയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാല്‍ മതിയെന്ന്.
അതെനിക്ക് ഭയങ്കര ഷോക്കായിപ്പോയി. ഞാനവിടെ നിന്ന് കരഞ്ഞു. മനോ അണ്ണന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
പക്ഷേ ഈ സംഭവത്തിന് ശേഷം പാടാന്‍ ഇളയരാജ വിളിച്ചിട്ടില്ല’, മിന്മിനി പറഞ്ഞു.
രാജാ സാറിന് വലിയ വാത്സല്യമായിരുന്നു. സാറിനേക്കുറിച്ച് മറ്റുള്ളവര്‍ മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയിട്ടാണ് ഇതൊന്നും ഇത്രയും നാളും പറയാതിരുന്നതെന്നും മിന്മിനി വ്യക്തമാക്കി.