വടക്കാഞ്ചേരി: ഒട്ടേറെ ജനകീയ പോരാട്ടങ്ങൾക്കൊടുവിൽ മിണാലൂർ കുറ്റിയങ്കാവ് ക്ഷേത്രത്തിനു സമീപം പുതുതായിനിർമിച്ച റെയിൽവേ അടിപ്പാത നാടിനു സമർപ്പിച്ചു. അടിപ്പാതയുടെ ഉദ്ഘാടനം ഡോ.പി.കെ.ബിജു എംപി നിർവഹിച്ചു. അനിൽ അക്കര എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സണ് ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം.ആർ.സോമനാരായണൻ, എൻ.കെ.പ്രമോദ് കുമാർ, ജയ പ്രീത മോഹനൻ, ലൈല നസീർ, ടി.എൻ.ലളിത തുടങ്ങിയവർ പ്രസംഗിച്ചു.
ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുട ങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നാലര കോടി രൂപ ചെലവഴിച്ചാണ് അടിപ്പാത യാഥാർത്ഥ്യമാക്കിയത്. തൃശുർ -ഷൊർണ്ണൂർ സംസ്ഥാന പാതയിൽ മിണാലൂർ ബൈപ്പാസ് യാഥാർഥ്യമാകുന്നത് വരെ വാഹനങ്ങൾ കടന്ന് പോയിരുന്നത് ഈ റോഡിലൂടെയായിരുന്നു.
ബൈപ്പാസ് തുറന്നതോടെ മിണാലൂർ റെയിൽവേ ഗേയ്റ്റും അടക്കാൻ തീരുമാനമായി. ഇതോടെ മിണാലൂർ നിവാസികൾ ഒറ്റപ്പെടുന്ന നിലയിലായി. തൊട്ടടുത്ത അത്താണിയിലെത്താൻ പോലും കിലോമീറ്ററുകൾ ചുറ്റി വളയേണ്ട അവസ്ഥയിലായി. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്നത് കണ്ടതോടെ അടിപ്പാതയുടെ ആവശ്യകത അനിവാര്യമായി. നിരന്തര സമര-സമ്മർദങ്ങൾക്കൊടുവിലാണ് അടിപ്പാത നിർമാണത്തിന് തുടക്കമായത്.
കുറ്റിയങ്കാവ് ക്ഷേത്രത്തിന് മുന്നിലാണ് അടിപ്പാത നിർമിച്ചിട്ടുള്ളത് . ഇനി സൗന്ദര്യവൽക്കരണ പ്രവർത്തികൾ മാത്രമാണ് അവശേഷിയ്ക്കുന്നത് .അടിപ്പാതയ്ക്ക് സമീപമുള്ള സ്ഥലത്ത് വിനോദ സഞ്ചാരികളെ ആകർഷിയ്ക്കുന്ന വിധത്തിൽ മനോഹരമാക്കുന്നതിനും പദ്ധതി ഉണ്ട്.