ഒരു ഡോക്ടര്‍ എപ്പോഴും വ്യക്തിപരമായ കാര്യങ്ങളേക്കാള്‍ സമൂഹത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധയുള്ളയാളായിരിക്കണം എന്നു പറയാറുണ്ട്.
ഇതിന് ഉത്തമ ഉദാഹരണമാണ് പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബിലെ വൈറോളജിസ്റ്റ് മിനാല്‍ ധഖാവ് ഭോസ്ലെ.
മകളെ പ്രസവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ ആദ്യ കോവിഡ് 19 പരിശോധനാ കിറ്റ് മിനാല്‍ വികസിപ്പിച്ചെടുത്തത്.
മൈലാബിലെ ഗവേഷക വിഭാഗം മേധാവിയായ മിനാലിന്റെ നേതൃത്വത്തിലുള്ള സംഘം ആറാഴ്ചക്കുള്ളിലാണ് പാത്തോ ഡിറ്റക്ട് കോവിഡ്-19 ക്വാളിറ്റേറ്റീവ് പി.സി.ആര്. കിറ്റ് എന്ന പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്.
പ്രസവത്തിനായി ഫെബ്രുവരിയില്‍ ലീവില്‍ പ്രവേശിച്ചെങ്കിലും കോവിഡ് പരിശോധനാ കിറ്റിനായുള്ള ഗവേഷണം ആരംഭിച്ചതോടെ മിനാല്‍ ജോലിയിലേക്ക് തിരിച്ചുവരികയായിരുന്നു.
ഗര്‍ഭകാല ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മിനാല്‍ ഡിസ്ചാര്‍ജ് ആയതിന് തൊട്ടടുത്ത ദിവസം തന്നെ ലാബിലെത്തി.
അടിയന്തര ഘട്ടത്തില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. രാജ്യത്തിന് വേണ്ടിയുള്ള സേവനമെന്ന നിലക്കാണ് താന്‍ ഉള്‍പ്പെടെയുള്ള 10 അംഗം സംഘം ഈ ഉദ്യമം ചെയ്തതെന്നും മിനാല്‍ പ്രതികരിച്ചു.
മാര്‍ച്ച് 18 നാണ് വൈകിട്ടാണ് കിറ്റ് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് സമര്‍പ്പിച്ചത്. പിറ്റേദിവസം മകളെ പ്രസവിക്കുകയും ചെയ്തു.
ചരിത്രപരമായ നേട്ടത്തില്‍ പങ്കാളിയായതില്‍ സന്തോഷമുണ്ടെന്നും മിനാല്‍ കൂട്ടിച്ചേര്‍ത്തു. മിനാലിന്റെ ദൃഢനിശ്ചയം അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയായി.
തദ്ദേശീയമായി രൂപപ്പെടുത്തിയ ആദ്യ പരിശോധനാ കിറ്റെന്ന ഖ്യാതിക്കൊപ്പം, കോവിഡ് പ്രതിരോധത്തില്‍ രാജ്യം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിക്കുള്ള ഉത്തരം കൂടിയാണ് ഈ കണ്ടെത്തല്‍.
മൈലാബ് ഡിസ്കവറി സൊല്യൂഷനിലെ ചീഫ് വൈറോളജിസ്റ്റായ മിനാലും സംഘവും ആറ് മാസത്തോളമെടുക്കുന്ന ഗവേഷണം ആറ് ആഴ്ച കൊണ്ടു ലക്ഷ്യത്തിലെത്തിച്ചു.
ഗവേഷണം ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു സമര്‍പ്പിച്ചതിന്റെ അടുത്ത ദിവസം മിനാല്‍ പെണ്‍കുഞ്ഞിനു ജന്മം നല്കി.
എന്‍ഐവിക്കു പിന്നാലെ, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്ഗനൈസേഷന്, ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി എന്നിവയുടെയും അംഗീകാരം ലഭിച്ചതോടെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ അനുമതിയായി.
പുണെ ആസ്ഥാനമായ മൈലാബ്, ഒരാഴ്ച കൊണ്ട് ഒരു ലക്ഷം കിറ്റുകള്‍ നിര്‍മിച്ചു നല്‍കുമെന്നാണ് സര്‍ക്കാരിനു നല്‍കിയിരിക്കുന്ന ഉറപ്പ്. ആദ്യ ബാച്ച് കൈമാറുകയും ചെയ്തു.
നിലവില്‍ 4 8 മണിക്കൂര്‍ എടുത്താണ് രോഗനിര്‍ണയം. എന്നാല്‍, രണ്ടര മണിക്കൂര്‍ കൊണ്ട് പരിശോധന സാധ്യമാകുന്നതാണ് ‘മൈലാബ് പാത്തോഡെക്റ്റ് കോവിഡ് -19 ക്വാളിറ്റേറ്റീവ് പിസിആര്‍ കിറ്റ്’. വിലക്കുറവും നേട്ടമാകും.
റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ പോളിമെറേസ് ചെയിന്‍ റിയാക്ഷന്(ആര്.ടി.-പി.സി.ആര്.) ടെസ്റ്റ് വഴിയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
നിലവില്‍ കോവിഡ് പരിശോധനക്ക് ഇറക്കുമതി ചെയ്ത സംവിധാനം ഉപയോഗിക്കുന്നതിന് 4500 രൂപ വരെ ചിലവ് വരുേമ്പാള്‍ പാത്തോ ഡിറ്റക്ട് വഴിയുള്ള പരിശോധനക്ക് 1200 രൂപയാണ് ചിലവ്. ഒരേ കിറ്റില്‍ 100 സാമ്പിളുകള്‍ പരിശോധിക്കാമെന്നതും ഇതിന്റെ മേന്മയാണ്.
ദക്ഷിണ കൊറിയയില്‍ കൊറോണ ടെസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രം 650 ലാബുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യയില്‍ 118 സര്‍ക്കാര്‍ ലാബുകളോടൊപ്പം, 50 പ്രൈവറ്റ് ലാബുകള്‍ കൂടി ഇപ്പോള്‍ പരിശോധനയ്ക്കായി മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് അതും തികഞ്ഞേക്കില്ല.
കൂടുതല്‍ കൂടുതല്‍ സ്വകാര്യ ലാബുകളെ കണ്ടെത്തി അവക്ക് വേണ്ടത്ര കിറ്റുകള്‍ നല്കിയാല് മാത്രമേ പരിശോധന ഫലപ്രദമാകൂ എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
അതിന് ഡോ. മീനല്‍ ദഖാവേ ഭോസ്ലേ എന്ന വനിതാ വൈറോളജിസ്റ്റിന്റെ അധ്വാനത്തില്‍ പിറവി കൊണ്ട ‘ പാത്തോ ഡിറ്റക്റ്റ് ‘ എന്ന കൊറോണാ ടെസ്റ്റിന്റെ പങ്കും നിര്‍ണായകമാകും.
നിരവധി ആളുകളാണ് മിനാലിന്റെ കര്‍ത്തവ്യബോധത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുന്നത്.