കൊട്ടാരക്കര : ആവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയ കുപ്പിവെള്ളം നിശ്ചിത വിലയായ 13 രൂപയിൽ അധികം വാങ്ങി വിൽപ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കാൻകൊട്ടാരക്കര താലൂക്കിലെ പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പ്.
ഇത്തരം വ്യാപാരികൾക്ക് എതിരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി ജില്ല കളക്ടറുടെ അനുമതിയോടെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും മുഴുവൻ കുപ്പി വെള്ളവും കണ്ടുകെട്ടി പൊതു വിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്നും കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസർ എസ്.എ.സെയ്ഫ് അറിയിച്ചു.
കുപ്പിവെള്ളം വിൽക്കുന്ന വില ഉപഭോക്താക്കൾക്ക് കാണത്തക്കവിധം എഴുതി പ്രദർശിപ്പിക്കുകയും നിയമാനുസൃത ബില്‍ നൽകുകയും വേണം. പരമാവധി വിൽപ്പന വിലയായി കുപ്പികളിൽ 13ന് മുകളിലുള്ള ഏത് സംഖ്യ രേഖപ്പെടുത്തിയാലും ഉപഭോക്താക്കൾക്ക് 13 രൂപ മാത്രം ഈടാക്കി വേണം ഒരു ലിറ്റർ കുപ്പിവെള്ളം നൽകാൻ.
പരമാവധി വിൽപ്പന വിലയായ 13 രൂപയ്ക്ക് വിൽക്കാൻ കഴിയും വിധമുള്ള സ്റ്റോക്ക് മാത്രമേ വിജ്ഞാപനം പുറത്തിറങ്ങിയ തീയതിക്ക് ശേഷം മൊത്ത വ്യാപാരികളിൽ നിന്ന് വാങ്ങുന്നുള്ളു എന്ന് ചില്ലറ വ്യാപാരികൾ ഉറപ്പാക്കേണ്ടതാണ്.
ഒരു കുപ്പിവെള്ള ബ്രാൻഡിനെയും വില നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. കുപ്പിവെള്ളത്തിന് 13 രൂപയിലധികം ഈടാക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച പരാതികൾ 9188527341 എന്ന ഫോൺ നമ്പറിൽ പൊതുജനങ്ങൾ വിളിച്ച് അറിയിച്ചാൽ കർശനമായ തുടർ നടപടികൾ ഉണ്ടാകുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.