ആലുവ: ജില്ലാ ആശുപത്രിയിൽ ഒഴിവുള്ള എല്ലാ തസ്തികകളിലും രണ്ടാഴ്ചയ്ക്കുള്ളിൽ അടിയന്തര നിയമനം നടത്തുമെന്ന മന്ത്രി വീണ ജോർജിന്റെ വാഗ്ദാനം നാലുമാസം പിന്നിട്ടിട്ടും നടപ്പിലായില്ല.
പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന ഉറപ്പും പാഴ് വാക്കായി. സംസ്ഥാനത്തെ ഏറ്റവും മികച്ച ഡയാലിസിസ് സെന്റർ, ബ്ലഡ് ബാങ്ക് തുടങ്ങി ഏറെ സൗകര്യങ്ങൾ ഇവിടെയുണ്ടെങ്കിലും അനുബന്ധ ചികിത്സകൾക്കു വേണ്ടത്ര ജീവനക്കാരോ ഡോക്ടർമാരോ ഇവിടെയില്ലാത്തത് രോഗികളെ വലയ്ക്കുകയാണ്.
ഡോക്ടർമാരുടേതടക്കം 13 ഒഴിവുകളാണ് നിലവിൽ ജില്ലാ ആശുപത്രിയിലുള്ളത്. ഒമ്പത് വർഷം മുമ്പ് ജില്ലാ ആശുപത്രിയായി പദവി ഉയർത്തിയിട്ടും സ്റ്റാഫ് പാറ്റേൺ ആനുപാതികമായി വർധിപ്പിച്ചില്ലെന്ന പരാതി വർഷങ്ങളായുണ്ട്.
യഥാർത്ഥത്തിൽ183 പോസ്റ്റുകളാണ് പുതിയതായി ജില്ലാ ആശുപത്രിയിൽ വേണ്ടത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗ വിഭാഗം, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിൽ ആവശ്യാനുസരം ഡോക്ടർമാരില്ല.
മൂന്നു സർജന്മാരുടെ തസ്തികയിൽ ഒരാൾ മാത്രമാണുള്ളത്. ജനറൽ മെഡിസിനിൽ മൂന്ന് ഡോക്ടർമാരുടെ തസ്തിക വേണ്ടിടത്ത് ഒരാളേയുള്ളൂ. ശിശുരോഗ വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരെയാണ് ആവശ്യമുള്ളത്.
നേത്ര രോഗ വിഭാഗത്തിൽ മൂന്ന് തസ്തിക വേണ്ടിടത്ത് ഒരു ഡോക്ടറാണുള്ളത്. ഫോറൻസിക് സർജനില്ലാത്തതിനാൽ മോർച്ചറി സൗകര്യമുണ്ടായിട്ടും എറണാകുളം, ആലപ്പുഴ മെഡിക്കൽ കോളജുകളെ ആശ്രയിച്ചാണ് പോസ്റ്റ്മോർട്ടം നടത്താനാകുന്നത്. നൂറോളം നഴ്സുമാർ വേണ്ടിടത്ത് പകുതി പേരാണ് സേവനമനുഷ്ഠിക്കുന്നത്.
24 മണിക്കൂറും ലാബ് പ്രവർത്തിപ്പിക്കണമെങ്കിൽ 12 ജീവനക്കാരെങ്കിലും വേണം. നിലവിൽ പകുതി ജീവനക്കാരേയുള്ളു. റേഡിയോളജിസ്റ്റ് ഇല്ലാത്തതതിനാൽ സിടി സ്കാനിംഗും നടക്കുന്നില്ല.
വർക്ക് അറേഞ്ച്മെന്റ് എന്ന പേരിൽ ചില ഡോക്ടർമാരും ജീവനക്കാരും ജില്ലയിലെ തന്നെ മറ്റ് ആശുപത്രികളിൽ ജോലി ചെയ്യുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ജില്ലാശുപത്രിയിൽനിന്ന് ശമ്പളം സ്വീകരിക്കുന്നുണ്ടെങ്കിലും രോഗികൾക്ക് ഇവരുടെ സേവനം ലഭിക്കുന്നുമില്ലെന്നാണ് ആക്ഷേപം