കൊച്ചി: നഗരമധ്യത്തില്‍ കവര്‍ച്ചാശ്രമം തടഞ്ഞ ഭിന്നലിംഗക്കാരിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂട്ടുപ്രതികള്‍ക്കായി വലവിരിച്ച് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളുണ്ടെന്നാണു പോലീസ് പറയുന്നത്. ഇവരില്‍ മുഖ്യപ്രതി ഇതിനോടകം പിടിയിലായി.
തോപ്പുംപടി രാമേശ്വരം വില്ലേജ് മലര്കണ്ടം വീട്ടില്‍ വിഷ്ണു (മൈന്‍ഡ് കണ്ണന്-28)വിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംഭവസ്ഥലത്തുനിന്ന് നക്ഷപ്പെട്ട മറ്റ് രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍ വ്യക്തമാക്കുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം എടിഎം കൗണ്ടറില്‍നിന്നും പണമെടുക്കാന്‍ എത്തിയ കരിങ്കുന്നം സ്വദേശിനിയായ ഭിന്നലിംഗക്കാരിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ ചിറ്റൂര്‍ റോഡില്‍ എസ്ആര്‍വി സ്കൂളിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി കഴുത്തില്‍ വാക്കത്തിവച്ച് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
വാക്കത്തി തട്ടിമാറ്റി ഓടിയ ഇവരുടെ പിന്നാലെയെത്തിയ ഒന്നാംപ്രതി വീണ്ടും തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്നു നെഞ്ചില്‍ കുത്താനുള്ള പ്രതിയുടെ ശ്രമം തടഞ്ഞ യുവതിയുടെ കൈയില്‍ ഗുരുതരമായി പരിക്കേറ്റു.
തലയില്‍ ഉള്‍പ്പെടെ ശരീരത്തിന്റെ പലഭാഗത്തും കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയ ഇവർ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
എറണാകുളം എസിപി കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍, സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ കെ.ജി. വിപിന്‍കുമാര്‍, കെ.എക്സ്. തോമസ്, കെ. ഫുള്‍ജന്‍, എഎസ്ഐമാരായ ഗോപി, ഗോവിന്ദന് തുടങ്ങിയവര്‍ അടങ്ങിയ സംഘമാണു കേസന്വേഷണം നടത്തുന്നത്.