യുദ്ധങ്ങളും ഏറ്റുമുട്ടലുകളും എപ്പോഴും നഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കാറുണ്ട്. ഇത്തരം പോരാട്ടങ്ങളുടെ ബാക്കിപത്രമായി കിട്ടിയ ദുരിതങ്ങളുമായി ജീവിതം തള്ളിനീക്കുന്ന അ നവധി ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. ഇത്തരമൊരാളാണ് തുളസീധരന്‍ എന്ന മൈന്‍ മനുഷ്യന്. ഒരു കുഴിബോംബ് പൊട്ടിത്തെറിച്ചതിന്റെ അവശിഷ്ടങ്ങളും പേറി തുളസീധരന്‍ ‘ഉരുക്കുമനുഷ്യ’നായി നടക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷം കഴിയുന്നു. ഇന്ത്യയില്‍ നിന്നുള്ള സമാധാനസേനാംഗമായി ശ്രീലങ്കയിലെത്തിയ നാലാം പാരാ റെജിമെന്റിലെ നായിക് ജെ.തുളസീധരനും 5 സഹപ്രവര്‍ത്തകര്‍ക്കും തമിഴ്പുലികള്‍ കാത്തുവച്ച സമ്മാനമായിരുന്നു ആ കുഴിബോംബ്, 1988ല്‍ ആയിരുന്നു ആ ദുരന്തം നടന്നത്
ഇപ്പോള്‍ വിശ്രമജീവിതത്തിലാണെങ്കിലും തിരുവനന്തപുരം കിളിമാനൂര്‍
കുന്നുമ്മല്‍ അമൃതനിവാസില്‍ തുളസീധരനെ (63) ഇപ്പോഴും പഴയ ഉരുക്കുചീളുകള് നോവിക്കുന്നുണ്ട്. 1987 ഒക്ടോബറിലാണ് തുളസീധരന്‍ ശ്രീലങ്കയിലെ ജാഫ്ന സെക്ടറില്‍ എത്തിയത്. 1988 ഓഗസ്റ്റില്‍ പെണ്ണേരിക്കുളത്തിനും അക്കരായന്കുളത്തിനും ഇടയിലെ വനത്തിലൂടെ എല്‍ടിടിഇയുടെ ആയുധപരിശീലന ക്യാംപിലേക്കുള്ള യാത്രയിലായിരുന്നു അപകടം ഒളിച്ചിരുന്നത്. വെടിവയ്പ്പില്‍ നിന്നു രക്ഷപ്പെടാന്‍ സാധാരണ 60 കിലോമീറ്റര്‍ വേഗത്തിലാണു ജീപ്പ് ഓടിക്കാറ്. അന്നു ജീപ്പ് ഓടിച്ചത് തുളസീധരനാണ്. ജീപ്പില്‍ ആറുപേര്‍.
മുന്നില്‍ വലിയ കുഴി കണ്ട് തുളസീധരന്‍ വേഗം കുറച്ചു. അത് എല്‍ടിടിഇ ഭീകരരുടെ കെണിയായിരുന്നു. ടയര്‍ കയറിയിറങ്ങിയതും മൈന്‍ പൊട്ടി. ഒപ്പമുണ്ടായിരുന്ന സുരേന്ദര്‍ സിങ്ങിന്റെ നട്ടെല്ലിലും സുസൈല്‍ ലൂര്ദുവിന്റെയും രമേശ് സിങ്ങിന്റെയും തലയിലും മൈന്‍ ചീളുകള്‍ തുളഞ്ഞുകയറി. സുരേന്ദര്‍ സിംഗിന്റെ അരയ്ക്കു താഴെ തളര്‍ന്നു. തുളസീധരന്റെ കാല് മുതല്‍ തല വരെ ശരീരത്തിന്റെ വലതുഭാഗം നിറയെ സ്റ്റീല്‍ ചീളുകള്‍ ആഴ്ന്നിറങ്ങി. ജീപ്പില്‍ നിന്നു പിടിച്ചിറങ്ങിയ തുളസീധരന്‍ കൈയില്‍ കിട്ടിയ ലൈറ്റ് മെഷീന് ഗണ്‍ ഉപയോഗിച്ച് ലക്ഷ്യമില്ലാതെ തലങ്ങുംവിലങ്ങും വെടിയുതിര്‍ത്തു.
വിവരമറിഞ്ഞെത്തിയ പട്ടാള സംഘമാണ് അടുത്തുള്ള ഫീല്‍ഡ് ആംബുലന്‍സില്‍ എത്തിച്ചത്. മരണകാരണമായേക്കാവുന്ന ചീളുകള്‍ അന്നു രാത്രി തന്നെ അവര്‍ നീക്കംചെയ്തു. പിന്നീട് പുണെയിലെ പട്ടാള ആശുപത്രിയിലേക്ക്. 3 മാസം നീണ്ട ആശുപത്രി വാസം. ശരീരഭാഗങ്ങളിലെ വേദനയ്ക്ക് എക്സ്റേ എടുക്കുമ്പോള്‍ ഇപ്പോഴും പഴയ ബോംബിന്റെ ചീളുകള്‍ കാണാമെന്നു തുളസീധരന്‍ പറയുന്നു. 18 വര്‍ഷം മുന്‍പു വിരമിച്ച ശേഷം 15 വര്‍ഷം തിരുവനന്തപുരം ഏജീസ് ഓഫിസിലെ സുരക്ഷാ ജീവനക്കാരനായിരുന്നു തുളസീധരന്‍.