മുക്കം: സബ് ട്രഷറിയുടെ പവർബോർഡിൽ നിന്ന് വലിച്ച അനധികൃത ലൈൻ കെഎസ്ഇബി വിച്ഛേദിച്ചതോടെ വെള്ളവും വെളിച്ചവുമില്ലാതെ മുക്കം മിനി സിവിൽ സ്റ്റേഷൻ. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എഇഒ ഓഫീസും സബ് രജിസ്ട്രാർ ഓഫീസ്, കൃഷിഭവൻ, ട്രഷറി എന്നിവയുടെ വരാന്തകളും മിനി സിവിൽ സ്റ്റേഷന്റെ പരിസരവുമാണ് ഇരുട്ടിലായത്. മോട്ടോർ പ്രവർത്തിപ്പിക്കാനാവാതെ ട്രഷറിയിലെ രണ്ട് ജല സംഭരണികളിലും ഒരു തുള്ളി വെള്ളമില്ലാതായതോടെ നൂറോളം ജീവനക്കാരും നൂറുകണക്കിനാളുകളും ദുരിതത്തിലായി.
വെള്ളമില്ലാത്തത് അറിയാതെ ആളുകൾ ശാചാലയങ്ങൾ ഉപയോഗിച്ചതോടെ മിനി സിവിൽ സ്റ്റേഷനകത്ത് ദുർഗന്ധവും തുടങ്ങിയിട്ടുണ്ട്.അനധികൃത ലൈൻ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കെഎസ്ഇബി അധികൃതരെത്തി യാതൊരു മുന്നറിയിപ്പുമില്ലാതെ ലൈൻ വിച്ഛേദിച്ചത്. നഗരസഭാ കൗൺസിലർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ബ്ലോക്ക് തല ഉച്ചഭക്ഷണ പദ്ധതിയുടെ യോഗം എഇഒ ഓഫീസിൽ നടന്നു കൊണ്ടിരിക്കെയാണ് കെഎസ്ഇബി ജീവനക്കാർ ലൈൻ വിച്ഛേദിച്ചത്.
നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ രോഷം പ്രകടിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. യാതൊരു മുന്നറിപ്പുമില്ലാതെയാണ് ലൈൻ വിച്ഛേദിച്ചതെന്നും കെഎസ്ഇബി ജീവനക്കാർ അപമര്യാദയായി സംസാരിച്ചെന്നും മുക്കം എഇഒ ജി.കെ. ഷീല പറഞ്ഞു. എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമന ഉത്തരവുകളുടെയും അർധ വാർഷിക പരീക്ഷയുടെയും നടപടി ക്രമങ്ങൾ നടക്കുന്നതിനിടെയാണ് എഇഒ ഓഫീസിലെ വൈദ്യുത ബന്ധം തകരാറിലായത്.
എ.ഇ.ഒ ഓഫീസിൽ വെളളിയാഴ്ച നടന്ന സബ് ജില്ലാ കൺവീനർമാരുടെ യോഗം കാറ്റും വെളിച്ചവുമില്ലാതെയാണ് നടത്തിയത്. സൂപ്രണ്ടിന്റെ കസേരയിലിരുന്നാണ് കഴിഞ്ഞ മൂന്ന് ദിവസമായി എഇഒ ഫയലുകൾ നോക്കുന്നത്. കാറ്റും വെളിച്ചവുമില്ലാതെയാണ് സബ് ജില്ലാ കൺവീനർമാരുടെ യോഗവും നടത്തിയത്. അനധികൃതമായി ലൈൻ വലിച്ചത് ആരാണെന്നോ എന്തിനാണെന്നോ ആർക്കും അറിയില്ല.
പിഡബ്ല്യുഡി വകുപ്പിന്റെ നേതൃത്വത്തിലാണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിലെ വയറിംഗിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിന് പരിഹാരം കാണേണ്ടത് പൊതുമരാമത്ത് വകുപ്പ് അധികൃതർ തന്നെയാണ്.വെളിച്ചമില്ലാതായതോടെ സബ്ട്രഷറിയുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക നിലനിൽക്കുന്നുണ്ട്.