കൊച്ചി: യുവസംരംഭകയോട് കൊച്ചി കോര്‍പ്പറേഷന്റെ പള്ളുരുത്തി മേഖല ഓഫീസിലെ ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ തന്റെ ജീവൻ അപായപ്പെടുത്തുമെന്ന ഭയമുണ്ടെന്ന് വനിത സംരംഭക മിനി ആല്‍ബി രാഷ്ട്രദീപികയോടു പറഞ്ഞു.
കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ച് നല്ലതല്ല കേള്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ തന്റെ ജീവന് അപായപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്നും മിനി പറഞ്ഞു.
തന്നോട് മോശമായി പെരുമാറിയ ജിതിന് എന്ന ജീവനക്കാരന്റെ ജോലി നഷ്ടപ്പെടുത്തരുതെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം നഗരസഭയില്‍നിന്ന് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മിനി പറഞ്ഞു.
സ്വന്തമായി ഒരു തൊഴിലിനൊപ്പം മൂന്നോ നാലോ പേര്‍ക്കുകൂടി ജോലി നല്‍കണമെന്നുമുള്ള ആഗ്രഹത്തോടെയാണ് പുതിയ സംരംഭം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് മിനി ആല്‍ബി പറഞ്ഞു.
കെട്ടിടത്തിന്റെ പെര്‍മിറ്റ് രേഖയ്ക്കായാണ് പ്രസ്തുത ഉദ്യോഗസ്ഥനെ സമീപിച്ചത്. പലതവണ ഓഫീസ് കയറിയിറങ്ങിയിട്ടും കാര്യം നടക്കാതെ വരികയും ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ദുഃഖവും നിരാശയും തോന്നി.
ഒടുവില്‍ മനംമടുത്ത് തുടങ്ങാനിരുന്ന സംരംഭം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരം ഉദ്യോഗസ്ഥരെ സമൂഹം തിരിച്ചറിയണമെന്ന് തോന്നിയതിനാലാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.
പോസ്റ്റ് കണ്ട് നിരവധിയാളുകള്‍ വിളിച്ചിരുന്നു. മന്ത്രി നേരിട്ട് വിളിച്ചതില്‍ അത്ഭുതവും വലിയ സന്തോഷവും തോന്നി.
കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ ഉപദ്രവിക്കണമെന്നോ അദ്ദേഹത്തിന്റെ ജോലി കളയണമെന്നോ ആഗ്രഹമില്ലെന്നും മിനി പറഞ്ഞു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി
14 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി സ്വയംതൊഴിലിനു ശ്രമിച്ച മിനി ആല്ബിക്കാണ് ഉദ്യോഗസ്ഥരില്‍നിന്ന് ദുരനുഭവം നേരിട്ടത്.
കുവൈറ്റില്‍ നഴ്സായിരുന്ന മിനി എറണാകുളം പെരുമ്പടപ്പില്‍ വീടിനോടു ചേര്‍ന്നു ഫ്ളവര്‍മില്‍ സ്ഥാപിക്കാനായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഒന്നരമാസം കയറിയിറങ്ങിയിട്ടും ആവശ്യമായ രേഖകള്‍ ശരിയായി കിട്ടിയില്ല.
അതിനിടെ കൊച്ചി കോര്‍പറേഷന്റെ പള്ളുരുത്തി മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥനായ സേവ്യര്‍ 25,000 രൂപ കൈക്കൂലിയും ആവശ്യപ്പെടുകയാണ് ഉണ്ടായത്.
ജിതിന് എന്ന ഉദ്യോഗസ്ഥന് ഇവരോടു മോശമായി പെരുമാറുകയും ചെയ്തു. കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനു മുന്നില്‍ രേഖകള്‍ കീറിയെറിഞ്ഞ മിനി, കഴിഞ്ഞ 18ന് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
സംഭവമറിഞ്ഞ ഉടന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മിനിയെ ബന്ധപ്പെട്ട് പരാതി നല്കാന് ആവശ്യപ്പെടുകയും വീട്ടിലെത്തി മൊഴിയെടുക്കുകയും ചെയ്തു.
പോസ്റ്റ് വൈറലായി; നടപടി ഉടനെത്തി
യുവവനിതാസംരംഭകയുടെ ആരോപണം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ, അടിയന്തര ഇടപെടലുമായി വ്യവസായ മന്ത്രി പി. രാജീവുമെത്തി.
വാര്‍ത്ത പുറത്തുവന്നതോടെ മിനിയെ ബന്ധപ്പെട്ട മന്ത്രി, രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ രേഖകളെല്ലാം ശരിയാക്കി നല്കാന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.
മിനിയോട് ഫോണില്‍ സംസാരിച്ച മന്ത്രി രാജീവ് ഇനി കോര്‍പറേഷനിലോ മറ്റു സ്ഥാപനങ്ങളിലോ കയറിയിറങ്ങേണ്ടെന്നും പേപ്പറുകള്‍ ശരിയാക്കാനായി നിര്‍ദേശം നല്‍കിയെന്നും അറിയിക്കുകയായിരുന്നു.
കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എ. ശ്രീജിത്തിനെയും പതിനേഴാം ഡിവിഷന് കൗണ്‍സിലര്‍ സി.എന്‍. രഞ്ജിത്തിനെയും പ്ലാന്‍ വരയ്ക്കാനും മറ്റും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചതായി മിനി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി ഹെല്‍ത്ത് പത്താം സര്‍ക്കിള്‍ ഓഫീസ് ജീവനക്കാരനായ സേവ്യറിനെ സസ്പെന്‍ഡ് ചെയ്തു. പള്ളുരുത്തി സോണല്‍ ഓഫീസ് ക്ലര്‍ക്ക് ജിതിനെ സെക്ഷനില്‍നിന്നു മാറ്റി.
മേയര്‍ എം. അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അഡീഷണല്‍ സെക്രട്ടറിയുടെ ചുമതലയുളള ഡെപ്യൂട്ടി സെക്രട്ടറി ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു മേയര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.