ജർമൻ ഓട്ടോ ഭീമനായ ബിഎംഎഡബ്ല്യുവിന്റെ പ്രീമിയം ചെറുകാർ ബ്രാൻഡ് ആയ മിനി കഴിഞ്ഞ ദിവസം രണ്ടാം തലമുറ ഓൾ ന്യൂ കണ്ട്രിമാൻ അവതരിപ്പിച്ചു. ജൂണ്‍ മുതൽ വാഹനം വിപണിയിൽ ലഭ്യമായിത്തുടങ്ങും.
2012 മുതൽ ഇന്ത്യൻ വാഹനവിപണിയിൽ സാന്നിധ്യമറിയിച്ചിട്ടുള്ള മിനിയിൽനിന്ന് മിനി 3 ഡോർ, മിനി 5 ഡോർ, മിനി കണ്‍വേർട്ടിബിൾ, മിനി ക്ലബ്മാൻ തുടങ്ങിയ മോഡലുകളും ഇറങ്ങുന്നുണ്ട്.
പുറംമോടി
പ്രീമിയം കാരക്ടർ ഒട്ടും ചോരാതെയാണ് പുതിയ കണ്‍ട്രിമാന്റെ രൂപകല്പന. ഹെക്സഗണൽ ഷേപ്പിലുള്ള ഗ്രിൽ, വലിയ എൽഇഡി ഹെഡ്ലാന്പുകളിലേക്കു ചിറകുകൾ പോലെ കയറിയിരിക്കുന്ന ബോണറ്റ്, ക്രോം ഇൻസേർട്ടിലുള്ള ഫോഗ് ലാന്പുകൾ, വലിയ എയർഡാം, 17 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റെയിൽ തുടങ്ങിയവയെല്ലാം വാഹനത്തിന് സ്പോർട്ടി ലുക്ക് നല്കുന്നു. ഇതു കൂടാതെ രണ്ടു നിരയിലുമുള്ള യാത്രക്കാർക്കുവേണ്ടി പനോരമിക് ഗ്ലാസ് റൂഫും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഒന്നാം തലമുറ മോഡലിനെ അപേക്ഷിച്ച് ഓൾ ന്യൂ മിനി കണ്ട്രിമാന് അല്പം വലുപ്പം കൂടുതലുണ്ട്. 20 സെന്റിമീറ്റർ നീളവും മൂന്നു സെന്റിമീറ്റർ വീതിയും കൂട്ടിയിരിക്കുന്നതിനാൽ കാബിനൊപ്പം ബൂട്ട് സ്പേസും കൂടുതലാണ്. ദീർഘദൂര യാത്രയ്ക്ക് ഇതു സഹായിക്കും.
കാബിൻ
പ്രീമിയം സൗകര്യങ്ങളും സൗന്ദര്യവും ഉൾപ്പെടുത്തിക്കൊണ്ടാണ് ഇന്റീരിയർ രൂപഘടന. കറുപ്പിന്റെ മാസ്മരികസൗന്ദര്യം ഇന്റീരിയർ ഡിസൈനിൽ കാണാം. യാത്രക്കാർക്ക് ആവശ്യത്തിന് സ്ഥലസൗകര്യം നല്‍കിക്കൊണ്ടാണ് സീറ്റുകളുടെ ക്രമീകരണം.
വൃത്താകൃതിയിലുള്ള സെൻട്രൽ ഇൻട്രുമെന്റ് പാനലിനു ചുറ്റും എൽഇഡി വളയവും നല്കിയിരിക്കുന്നു. 6.5 അല്ലെങ്കിൽ 8.8 ഇഞ്ച് ടച്ച് സ്ക്രീൻ ഇതിനുള്ളിലുണ്ടാകും.
മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്മെന്റ് ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാരനും മികച്ച യാത്രാനുഭവം നല്‍കും. മൂന്നു പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന വിധത്തിലാണ് പിൻസീറ്റ്. ബൂട്ട് സ്പേസ് 450 ലിറ്ററിൽനിന്ന് 1,309 ലിറ്ററായി ഉയർത്താം.
കംഫർട്ട് ആക്സസ് സിസ്റ്റം ഉൾപ്പെടുത്തിയിരിക്കുന്ന ഓട്ടോമാറ്റിക് ടെയിൽഗേറ്റ് തുറക്കാനും അടയ്ക്കാനും റിയർ ഫെൻഡറിനു താഴെ പാദംകൊണ്ട് വീശിയാൽ മതി. ഇതു കൂടാതെ തുറക്കാൻ ഡ്രൈവർ സൈഡ് ഡോറിനു താഴെയും അടയ്ക്കാൻ ബൂട്ട് ലിഡിലും ബട്ടനുകളുണ്ട്.
അതിശയിക്കുന്ന എക്സൈറ്റ്മെന്റ് പായ്ക്ക്
ആംബിയന്റ് ലൈറ്റിംഗ് ഉപയോഗിച്ച് ഉള്ളിലെ വെളിച്ചത്തിന് ഇഷ്ടമുള്ള നിറം സെലക്ട് ചെയ്യാൻ കഴിയും. ഇതു കൂടാതെ ഡ്രൈവറുടെ വശത്തെ ഡോർ തുറക്കുന്പോൾ എക്സ്റ്റീരിയർ മിററിൽനിന്ന് മിനി ലോഗോ പ്രൊജക്ട് ചെയ്ത് നിലത്ത് പതിക്കും.
എൻജിൻ
മിനി ട്വിൻ പവർ ടർബോ ടെക്നോളജി ഉപയോഗിച്ചാണ് പെട്രോൾ, ഡീസൽ എൻജിനുകൾ നിർമിച്ചിരിക്കുന്നത്. 2 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിൻ 192 എച്ച്പി പവറിൽ 280 എൻഎം ടോർക്കും 4 സിലിണ്ടർ ഡീസൽ എൻജിൻ 190 എച്ച്പി പവറിൽ 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് എൻജിനുകൾക്കും എട്ട് സ്പീഡ് ഓട്ടോമാറ്റിക് സ്റ്റെപ്ട്രോണിക് ട്രാൻസ്മിഷനാണ് നല്‍കിയിരിക്കുന്നത്.
സുരക്ഷ
ഫ്രണ്ട് ആൻഡ് പാസഞ്ചർ എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റ്, 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഡൈനമിക് സ്റ്റബിലിറ്റി കണ്ട്രോൾ, ക്രാഷ് സെൻസർ, ആന്റി-ലോക്ക് ബ്ലേക്കിംഗ് സിസ്റ്റം, കോർണറിംഗ് ബ്രേക്ക് കണ്ട്രോൾ, റണ്‍ ഫ്ളാറ്റ് ടയറുകൾ.
മൂന്നു വേരിയന്റുകൾ
മിനി കണ്ട്രിമാൻ കൂപ്പർ എസ് (പെട്രോൾ), മിനി കണ്ട്രിമാൻ കൂപ്പർ എസ്ഡി (ഡീസൽ), മിനി കണ്ട്രിമാൻ കൂപ്പർ എസ് ജെസിഡബ്ല്യു ഇൻസ്പയേർഡ് (പെട്രോൾ).
വില
മിനി കണ്ട്രിമാൻ കൂപ്പർ എസ് 34.9 ലക്ഷം
മിനി കണ്ട്രിമാൻ കൂപ്പർ എസ്ഡി 37.4 ലക്ഷം
മിനി കണ്ട്രിമാൻ കൂപ്പർ എസ്
ജെസിഡബ്ല്യു ഇൻസ്പയേർഡ് 41.4 ലക്ഷം.
ഓട്ടോസ്പോട്ട്/ ഐബി