ഗാന്ധിനഗർ: ഭാര്യയെ അടിച്ചു കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. നാഗന്പടം പൂക്കാടിമാലിയിൽ സതീഷ് (38) ന്റെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്. ഇയാടളുടെ ഭാര്യ പത്തനംതിട്ട മണിയാർ ഫ്രാൻസിസിന്റെ മകൾ മിനി (46)യാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 7.30 ന് നാഗന്പടത്ത് ഇവരുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഭാര്യയെ സംശയമായിരുന്ന സതീഷ് ഇവരെ മർദ്ദിക്കുന്നതു പതിവായിരുന്നു. ഇന്നലെ മർദ്ദിക്കുന്നതിനിടയിൽ വടികൊണ്ടുള്ള അടി തലയ്ക്ക് ഏറ്റതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മിനി മരിച്ചതിനെ തുടർന്ന് സതീഷ് വീട്ടിനുള്ളിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗാന്ധിനഗർ എസ്എച്ച്ഒ ക്ലീറ്റസ് കെ. ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മിനിയുടെ മൃതദേഹം പോലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ വിവരം നൽകാൻ കഴിയൂവെന്ന് എസ്എച്ച്ഒ ക്ലീറ്റസ് കെ. ജോസഫ് രാഷ്ടദീപികയോടു പറഞ്ഞു.