കോയന്പത്തൂർ: ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്താൽ മിനിഡോർ ഡ്രൈവറിൽനിന്ന് എസ്ഐ മുന്നൂറുരൂപ പിഴ ഈടാക്കി. ആലന്തുറൈയിലെ ഓട്ടോഡ്രൈവർ കരുണാകരനിൽനിന്നാണ് കാരുണ്യനഗർ പോലീസ് എസ്ഐ ശങ്കരനാരായണൻ പിഴ ഈടാക്കിയത്. ശിരുവാണി മെയിൻ റോഡിൽ കരുണാകരൻ മിനിഡോറുമായി പോകുന്നതിനിടെ വാഹനപരിശോധന നടത്തിയിരുന്ന എസ്ഐയും സംഘവും ലൈസൻസ്, ആർസി ബുക്ക്, ഇൻഷ്വറൻസ് എന്നിവ പരിശോധിച്ചു.
തുടർന്നു യൂണിഫോം ധരിക്കാത്തതിനു മുന്നൂറുരൂപ പിഴ ഈടാക്കി. എന്നാൽ ഇതുപ്രകാരം നല്കിയ ചാർജ് ഷീറ്റ് പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. കരുണാകരൻ യൂണിഫോം ധരിക്കാതെയാണ് ഓട്ടോ ഓടിച്ചിരുന്നത്. എന്നാൽ ഇതു രേഖപ്പെടുത്തുന്നതിനു പകരം തെറ്റായി ഹെൽമറ്റ് എന്നാണ് എസ്ഐ ശങ്കരനാരായണൻ എഴുതിയത്.