തിരുവില്വാമല: പാന്പാടി ഐവർമഠം ശ്മശാനത്തിൽ പുഴയോരത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടകനെകാത്ത് മിഴിതുറക്കാതെ നിൽക്കുന്നു. ലൈറ്റിന്റെ പണി കഴിഞ്ഞ് വൈദ്യുതി കണക് ഷൻ കിട്ടിയിട്ട് ദിവസങ്ങളേറെയായിട്ടും കത്തിക്കാൻ തയാറാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധം ശക്തമാണ്.
എംപി ഫണ്ട് ഉപയോഗിച്ച് നിർമിച്ച മിനി മാസ്റ്റ് പുലർച്ചെ പുഴയോരത്ത് മരണാനന്തര കർമങ്ങൾ വരുന്നവർക്ക് സൗകര്യമാണ്. ഇരുട്ടത്ത് ഇരുന്നാണ് കർമങ്ങൾ ചെയ്യുന്നത്. പ്രതീക്ഷിക്കുന്ന ഉദ്ഘാടകന്‍ സമയം ഇല്ലാത്തതാണ് ഉദ്ഘാടനം വൈകുന്നതിനു കാരണമെന്നും പറയുന്നുണ്ട്. എത്രയും പെട്ടെന്ന് ലൈറ്റ് കത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.