കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ തിരക്കൊഴിഞ്ഞ് നഗരം. വാരാന്ത്യ നിയന്ത്രണങ്ങളില്‍നിന്ന് ഒരു പടികൂടി കടന്നുള്ള നിയന്ത്രണങ്ങളായതിനാല്‍ തന്നെ പ്രധാന ജംഗ്ഷനുകള്‍ പലതും വിജനമാണ്.
സ്വകാര്യ സ്ഥാപനങ്ങളിലടക്കം ജോലിക്ക് പോകുന്നതിന് തടസമില്ലാത്തതിനാല്‍ ഏതാനും ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും മാത്രമാണു നിരത്തുകളില്‍ ഓടുന്നത്.നഗരത്തിലുള്‍പ്പെടെ കടകമ്പോളങ്ങള്‍ അടഞ്ഞ നിലയിലാണ്.
യാത്രക്കാര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് സ്വകാര്യ ബസുകള്‍ ഒന്നുംതന്നെ സര്‍വീസ് നടത്തുന്നില്ല. യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെ കെഎസ്ആര്‍ടിസി സര്‍വീസ് വെട്ടിച്ചുരുക്കിയിട്ടുണ്ട്. രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊച്ചി മെട്രോയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍വീസുകളും നിലവില്‍ പരിമിതപ്പെടുത്തിയിരിക്കുകാണ്. പാല്, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണു തുറന്നു പ്രവര്‍ത്തിക്കുന്നത്. ഹോട്ടലുകളിൽ പാഴ്സല്‍ സര്‍വീസ് മാത്രമാണ് ഞായറാഴ്ച വരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
എറണാകുളം മേനക ജംഗ്ഷന്, മാര്‍ക്കറ്റ്, ബ്രോഡ്വേ എന്നിവിടങ്ങള്‍ പൂര്‍ണമായും അടഞ്ഞ നിലയിലാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ കര്‍ശന പരിശോധന ആരംഭിച്ചിട്ടുണ്ട്.
കണ്ടെയ്ന്മെന്റ് സോണുകളിലും ഇടറോഡുകളിലും പ്രത്യേക പരിശോധനയും നടന്നു വരികയാണ്. ആദ്യമണിക്കൂറുകള്‍ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പൊതുജനം നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലും തിരക്ക് പൊതുവേ കുറവാണ്.