മലപ്പുറം: മലപ്പുറത്തെ മിനി ഉൗട്ടിയുടെ മനോഹാര്യത ആസ്വദിക്കാനെത്തുന്ന സന്ദർശകരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്.
പൂക്കോട്ടൂർ, ഉൗരകം, നെടിയിരുപ്പ് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്ന് പോകുന്ന മിനി ഉൗട്ടി, ചെരുപ്പടി മല എന്നിവിടങ്ങളിലേക്ക് അവധിദിനങ്ങളിൽ ധാരാളം സന്ദർശകരെത്തി. പാറക്കൂട്ടങ്ങളും, കാട്ടരുവികളും, പാതയോരത്തും കുന്നിൻ ചെരുവുകളിലുമുള്ള ഹരിതാഭവുമാണ് വിനോദസഞ്ചാരികളുടെ മുഖ്യആകർഷണം. കരിപ്പൂർ വിമാനത്താവളത്തിന്റെ രാത്രിയിലെ ദൃശ്യവും ഇവിടത്തെ പ്രധാന കാഴ്ചയാണ്. ഒഴിവ് ദിവസങ്ങളിൽ ഇതര സംസ്ഥാനക്കാരും ഇവിടെ യെത്തുന്നുണ്ട്. വാഹനങ്ങളുമായി എത്തുന്ന സന്ദർശകരുടെ തിരക്ക് പലപ്പോഴും ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്.
ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാവുന്ന ഇവിടെ റോപ്പ് വേ സഞ്ചാരത്തിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ടൗണിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഏകപ്രകൃതി കേന്ദ്രമാണിത്.പ്രദേശത്തേക്ക് കുടുംബ സമേതം സന്ദർശനത്തിന് എത്തുന്നവരുടെ തിരക്ക് കാരണം സുരക്ഷയൊരുക്കാൻ നിയമപാലകരും ജാഗ്രതപാലിക്കുന്നുണ്ട്. ഈ ഭാഗത്തെ റോഡരികിൽ മാലിന്യം തള്ളുന്നതിനാൽ ദുർഗന്ധം വമിക്കുന്നുണ്ട്.വിജനമായ പ്രദേശമായതിനാൽ സാമൂഹ്യ ദ്രോഹികൾ വിലസുന്നത് തടയാൻ നൈറ്റ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.