വടക്കഞ്ചേരി: ശബരിമല സീസണ് തുടങ്ങിയതോടെ മിനി പന്പ എന്നറിയപ്പെടുന്ന മംഗലംപാലത്തെ വ്യാപാരികൾ ഇക്കുറി പ്രതീക്ഷയിൽ. ശബരിമലയിൽ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നതിനാൽ അയൽസംസ്ഥാനങ്ങളിൽനിന്നും കൂടുതൽ തീർഥാടകർ എത്തുമെന്നാണ് നേന്ത്രക്കായ ചിപ്സിനു പേരുകേട്ട മംഗലംപാലത്തെ വ്യാപാരികൾ പറയുന്നത്.
ദേശീയപാതയോരങ്ങളിൽ പലയിടത്തും കടകൾ നിറഞ്ഞിട്ടുണ്ടെങ്കിലും അയൽസംസ്ഥാന തീർഥാടകർ മംഗലംപാലത്ത് വാഹനം നിർത്തി സാധനങ്ങൾ വാങ്ങാതെ പോകില്ലെന്നാണ് ഇവർ പറയുന്നത്. ചിപ്സിനുള്ള വിലക്കുറവാണ് തീർഥാടകരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. ഒരുകിലോ ചിപ്സിന് നിലവിൽ 130 മുതൽ 140 രൂപ വരെയാണ് വില. നാടൻ വെളിച്ചെണ്ണയിൽ വറുത്തെടുത്ത ചിപ്സിന്റെ വില ഇതിന്റെ ഇരട്ടിയിലേറെയാണ്.
നിറയെ തീർഥാടകരുമായി ഒരു ബസ് എത്തിയാൽ 250 കിലോമുതൽ 300 കിലോവരെ ചിപ്സ് വാങ്ങും. നാട്ടിലെ അയൽക്കാർക്കും സുഹൃത്തക്കൾക്കുമെല്ലാം ശബരിമല തീർഥാടനം കഴിഞ്ഞ് കൈമാറുക ചിപ്സ് പായ്ക്കറ്റുകളാണ്. ചിപ്സിനൊപ്പം ചെലവുള്ള ഇനമാണ് ഹലുവ. അന്യസംസ്ഥാനത്തുളളവർക്ക് ഹലുവ ഏറെ പ്രിയപ്പെട്ടതാണെന്ന് കച്ചവടക്കാർ പറയുന്നു. പന്നിയങ്കര ടോൾ പ്ലാസ മുതൽ മംഗലംപാലം വരെ 48 വലിയ ചിപ്സ് കടകളുണ്ട്.
ചെറിയ കടകൾ വേറെയുമുണ്ട്. തീർഥാടകരുടെ തിരക്ക് ആരംഭിക്കുംമുന്പേ കടകളിലെല്ലാം ചിപ്സ് പായ്ക്കറ്റുകൾ റെഡിയായി. വൈദ്യുതി ദീപാലങ്കാരങ്ങളാൽ കടകൾ മോടിപിടിപ്പിച്ചു പുതിയ സീസണിനായി മംഗലംപാലം ഒരുങ്ങിയിരിക്കുകയാണ്.
തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് മംഗലംപാലത്ത് പോലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും ഇവിടെ ഡ്യൂട്ടിക്ക് നിയോഗികുന്ന ഹോംഗാർഡിന് ഇരിക്കാനിടമില്ല. കടക്കാരുടെ കാരുണ്യത്തിൽ കടയ്ക്കു മുന്നിലോ മറ്റോ വേണം വിശ്രമിക്കാൻ. മുൻവർഷങ്ങളിലെല്ലാം ഇവിടെ താത്കാലിക ഷെഡ് നിർമിക്കാറുണ്ട്. കൂടുതൽ തീർഥാടകർ എത്തുന്ന കേന്ദ്രമായതിനാൽ രണ്ടിൽ കൂടുതൽ ഹോംഗാർഡിനെയെങ്കിലും ഇവിടേയ്ക്ക് നിയോഗിക്കേണ്ടിവരും.