മുംബൈ: രാജ്യത്ത് ജൂലൈ മുതൽ വാഹനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാകുന്നതോടെ മിനിവാനുകൾ വിടപറയും. പ്രധാനമായും ടാറ്റാ മോട്ടോഴ്സിന്റെയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെയും മിനിവാനുകളാണ് സുരക്ഷാ, ക്രാഷ് ടെസ്റ്റ് നിബന്ധനകൾക്ക് വിധേയമാകാത്തതിനാൽ വിപണിയിൽനിന്നു പിൻവലിക്കപ്പെടുക.
രാജ്യത്തുള്ള 4-8 സീറ്റർ മിനിവാനുകൾ പ്രധാനമായും ടാക്സികളായാണ് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ, വാഹനങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ ഇപ്പോഴുള്ള വാഹനരൂപത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് വാഹനനിർമാതാക്കൾ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തരം വാഹനങ്ങൾ കന്പനികൾ പിൻവലിക്കുന്നത്. ഇതാദ്യമായാണ് ഒരു സെഗ്മെന്റിലെ മുഴുവൻ വാഹനങ്ങളും വിപണിയിൽനിന്നു തുടച്ചുനീക്കപ്പെടുന്നത്.
ടാറ്റാ മോട്ടോഴ്സിന്റെ അഞ്ചു യാത്രാ വാഹന മോഡലുകളാണ് പിൻവലിക്കപ്പെടുക. ടാറ്റാ മോട്ടോഴ്സിന്റെ പ്രധാന മോഡലുകളിലൊന്നായ എയ്സിന്റെ എയ്സ് മാജിക് ഉൾപ്പെടെയുള്ള വേരിയന്റുകൾ, മാജിക് ഐറിസ്, മാജിക് എക്സ്പ്രസ് മോഡലുകളും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സുപ്രോ മിനി ട്രക്ക്, ജീത്തോ മിനിവാൻ ഉൾപ്പെടെയുള്ള മോഡലുകളും ഷോറൂമുകളിൽനിന്ന് അപ്രത്യക്ഷമാകും.
മുംബൈ കന്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 4-5 സീറ്റർ ജീത്തോ മിനി വാൻ പിൻവലിക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സുരക്ഷാ പരിഷ്കാരങ്ങൾ വരുത്തി വാഹനം വിപണിയിലെത്തിക്കാൻ ഭാരിച്ച ചെലവ് വേണ്ടിവരുന്നതിനാലാണ് അവ (മിനിവാനുകൾ) പിൻവലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വാഹനങ്ങളിൽ എബിഎസ്, എയർബാഗ് തുടങ്ങിയവ ഉൾപ്പെടുത്താനുള്ള ചെലവ് വിചാരിക്കുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ, മിനിവാൻ ഗെസ്മെന്റ് മുഴുവനായും തുടച്ചുനീക്കപ്പെടും- അദ്ദേഹം പറഞ്ഞു.
ജൂലൈ ഒന്നു മുതൽ രാജ്യത്ത് വിൽക്കുന്ന ഒന്പതു സീറ്റിൽ താഴെയുള്ള വാഹനങ്ങളിൽ എബിഎസ്, എയർ ബാഗുകൾ, സ്പീഡ് വാണിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ സ്റ്റാൻഡാർഡ് മോഡൽ മുതൽ നിർബന്ധമായി ഉണ്ടായിരിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം.
ലൈറ്റ് ട്രക്ക് പ്ലാറ്റ്ഫോമുകളിൽ നിർമിച്ചിരിക്കുന്ന ഇത്തരം മിനിവാനുകൾക്ക് കാറുകളിലുള്ളവിധം സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ കഴിയില്ല. സോഫ്റ്റ് ബോഡി, ഹാർഡ് ബോഡി ടൈപ്പുകളിൽ പ്രചാരത്തിലുള്ള മിനി വാനുകൾ അപകടത്തിൽപ്പെട്ടാൽ യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്നുണ്ട്. ഇന്ത്യയിൽ ഇറങ്ങുന്ന വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്കായി സ്വന്തം സുരക്ഷാ പരിശോധന സംവിധാനം ഒക്ടോബർ മുതൽ രാജ്യത്ത് ആരംഭിക്കും.
മാർച്ചിലെ ത്രൈമാസ റിപ്പോർട്ടുകൾ പുറത്തുവിട്ട വേളയിൽ ടാറ്റാ മോട്ടോഴ്സ് കൊമേഴ്സൽ വെഹിക്കിൾ മേധാവി ഗിരീഷ് വാഗും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. എയ്സിന്റെ പാസഞ്ചർ പതിപ്പുമായി മുന്നോട്ടുപോകില്ല. സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ കഴിയില്ലെന്നു മാത്രമല്ല, അടുത്ത വർഷം നടപ്പാക്കേണ്ട ബിഎസ്-6 എൻജിൻ ഓപ്ഷനിലേക്കും മാറാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു.
വാഹനനിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സി(സിയാം)ന്റെ റിപ്പോർട്ടുകളിൽ കഴിഞ്ഞ സാന്പത്തികവർഷം വിറ്റ യാത്രാവാനുകളുടെ എണ്ണം 1,15,403 ആണ്. തൊട്ടു മുൻ സാന്പത്തികവർഷത്തെ അപേക്ഷിച്ച് രണ്ടു ശതമാനം കുറവാണിത്.
രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുകി നേരത്തെതന്നെ ഒമ്നി പിൻവലിച്ചിരുന്നു. കന്പനിയുടെ മറ്റൊരു മോഡലായ ഇക്കോയെ പരിഷ്കരിച്ച് വിപണിയിലെത്തിക്കാനാണ് തീരുമാനം.