കൊരട്ടി: ചെറുകിട വനിതാ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരണ പ്രക്രിയയിലൂടെ സ്ത്രീകളുടെ സ്വയംപര്യാപ്തതയും സാന്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് വർഷങ്ങൾക്ക് മുന്പ് കൊരട്ടി പഞ്ചായത്തിലെ ആറ്റപ്പാടം വാർഡിൽ ആരംഭിച്ച മിനി വനിതാ വ്യവസായ കേന്ദ്രം നിർജീവമായി, കാടുപിടിച്ച്, തുടർ പരിപാലനമില്ലാതെ കിടക്കുകയാണ്.
ഒന്നോ, രണ്ടോ യൂണിറ്റുകൾ മാത്രം സമയക്രമമില്ലാതെ പ്രവർത്തിക്കുന്നതൊഴിച്ചാൽ കേന്ദ്രം നിശ്ചലമാണ്.പുത്തൻ വ്യവസായ സംരംഭങ്ങളുടെ വരവും സ്ത്രീകൾക്ക് തൊഴിൽ ഉന്നതിയും പ്രതീക്ഷിച്ച് തുടങ്ങിയ വ്യവസായ കേന്ദ്രത്തിനാണ് ഈ ദുർഗതി.
1999 – 2000 കാലഘട്ടത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽഉൾപ്പെടുത്തിയാണ് ഇതിനായി 50 സെന്റ് സ്ഥലം വാങ്ങിയത്. ത്രിതല പഞ്ചായത്തുകൾ അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ കെട്ടിടങ്ങളുടെ നിർമാണങ്ങളും അക്കാലത്ത് പൂർത്തീകരിച്ചിരുന്നു.
ശ്രമകരമായ ഇടപെടലുകളിലൂടെ സാങ്കേതിക തടസങ്ങളെ മറികടന്ന് നിർമാണം പൂർത്തിയാക്കിയ വ്യവസായ കേന്ദ്രം 2009ൽ അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തിൽ മൂന്നു യൂണിറ്റുകൾക്കുള്ള കെട്ടിടങ്ങളും രണ്ടു യൂണിറ്റുകൾക്കുള്ള സ്ഥലവുമാണ് വ്യവസായ സംരംഭകർക്കായി ഒരുക്കിയത്.
കിണർ, വൈദ്യുതി, ശുചി മുറികൾ അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളും വ്യവസായ എസ്റ്റേറ്റിൽ ക്രമീകരിച്ചിരുന്നു. കെട്ടിടം വാടകയ്ക്ക് എടുത്തിരിക്കുന്നവർ സംരംഭം തുടങ്ങുന്നില്ലെങ്കിൽ കെട്ടിടം തിരിച്ചെടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഗ്രാമപഞ്ചായത്തിന് നാമമാത്രമായ വാടക ലഭിക്കുന്നുണ്ടെങ്കിലും വർഷങ്ങളായി പൂട്ടിക്കിടക്കുന്ന യൂണിറ്റുകൾ പ്രവർത്തിപ്പിക്കുവാൻ സംരംഭകർ തയാറായില്ലെങ്കിൽ തിരിച്ചുപിടിച്ച് നവസംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നൽകണമെന്ന ആവശ്യവും ശക്തമാണ്.
യൂണിറ്റുകളുടെ വാടക ശേഖരിക്കുന്ന അധികൃതർ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നാണ് നാട്ടുകാർ പറയുന്നത്.
ലക്ഷങ്ങൾ വിനിയോഗിച്ച് നടപ്പിലാക്കുന്ന ഇത്തരം കേന്ദ്രങ്ങൾ ലക്ഷ്യങ്ങൾക്കനുസൃതമായി പ്രവർത്തനസജ്ജമാകേണ്ടതും അനിവാര്യമാണ്.
കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറുന്ന ഇത്തരം കെട്ടിടങ്ങൾ നാടിനും നാട്ടുകാർക്കും ഗുണകരമാകും വിധം ഉപയോഗിക്കണമെന്നതാണ് വനിതകളുടെ ആവശ്യം.
പരസ്യങ്ങളും കൊട്ടിഘോഷിക്കുന്ന ഉദ്ഘാടനങ്ങളും നടത്തുന്നതിനൊപ്പം സ്ഥാപനങ്ങളുടെ തുടർപരിപാലനവും ഉറപ്പു വരുത്തണമെന്ന ആവശ്യവും ശക്തമാണ്.