ചിറ്റൂർ: മിനിസിവിൽ സ്റ്റേഷൻ കാര്യാലയത്തിലെത്തുന്നവർക്കായി ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ശുചിമുറിയുടെ നടത്തിപ്പിന് ടെണ്ടർ നല്‍കിയിട്ടും ആരുമെത്താത്തതാണ് പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനു കാരണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ തഹസീൽദാർ വി.കെ.രമ അറിയിച്ചു.
താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ ഡോക്ടറെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നടപടിയെടുക്കുമെന്നു ഉറപ്പുനല്‍കിയതായി യോഗത്തിൽ അധ്യക്ഷത വഹിച്ച കെ.കഷ്ണൻകുട്ടി എം.എൽഎ അറിയിച്ചു.ചിറ്റൂർ ബ്ലോക്കിൽ ഒഴിഞ്ഞുകിടക്കുന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടറു ടെ തസ്തിക നികത്താനും നടപടിയായെന്നു എംഎൽഎ വ്യക്തമാക്കി.
കച്ചേരിമേട്ടിൽ പോലീസ് സ്റ്റേഷൻ കോന്പൗണ്ടിൽ ഗതാഗതതടസമുണ്ടാക്കുന്ന മരംമുറിച്ചു മാറ്റാൻ വകുപ്പ് അധികൃതർക്കു നിർദേശം നല്കി. കവറമേടുമുതൽ ആശുപത്രി ജംഗ്ഷൻവരെ റോഡിൽ ഇടയ്ക്കിടെ പൈപ്പ് പൊട്ടുന്നതിനു പരിഹാരം കാണുന്നതിനും സമിതി നിർദേശം നല്കി.
മിനി സിവിൽസ്റ്റേഷനുമുന്നിൽ ബസ് തിരിക്കുന്നതു ഗതാഗതതടസത്തിനു പുറമെ കാൽനടയാത്രക്കാർക്ക് അപകടഭീഷണിയുണ്ടാക്കുന്നതായും പരാതി ഉയർന്നു.ജനങ്ങൾക്കും യാത്രക്കാർക്കും അസൗകര്യമാകുംവിധം നിരുത്തരവാദമായി പെരുമാറുന്ന ബസ് ജീവനക്കാർക്കു പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാനും തഹസീൽദാർ നിർദേശം നല്കി.
താലൂക്ക് സപ്ലൈ ഓഫീസിൽ മാസംതോറും നടത്തിവരാറുള്ള യോഗം രണ്ടുവർഷമായി മുടങ്ങിയെന്ന പരാതിയെ തുടർന്ന് യോഗം വിളിച്ചുചേർക്കാനും ഉത്തരവായി. കെ.ബാബു എംഎൽഎ, വിവിധ വകുപ്പുതലവന്മാർ തുടങ്ങിയവർ വികസനസമിതി യോഗത്തിൽ പങ്കെടുത്തു.