കൊച്ചി: ലക്ഷദ്വീപ് മിനിക്കോയ് ദ്വീപിനടുത്ത് നിന്ന് ആയുധങ്ങളും ഹെറോയിനുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയ സംഭവത്തിന് പിന്നില്‍ എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയമുയരുന്നു.
കേസിൽ അറസ്റ്റിലായ പ്രധാന പ്രതിയും ശ്രീലങ്കൻ സ്വദേശിയുമായ സത്കുനം(47) മുന്‍പ് തമിഴ് പുലികള്‍ എന്നറിയപ്പെടുന്ന എല്‍ടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമായിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇയാൾ തമിഴ്നാട്ടിലായിരുന്നു താമസം.
പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മറ്റും ശ്രീലങ്കയിലേക്ക് കടത്തുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ താമസിക്കുന്ന പഴയ എല്‍ടിടിഇ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം സത്കുനം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും എന്‍ഐഎ കണ്ടെത്തി.
മിനിക്കോയ് ദ്വീപിനടുത്തുനിന്ന് കണ്ടെത്തിയ ബോട്ടില്‍ അഞ്ച് എകെ 47 തോക്കുകളും ആയിരം റൗണ്ട് ബുള്ളറ്റുമാണ് ഉണ്ടായിരുന്നത്.
ഇതിനു പുറമെ 300 കിലോഗ്രാം ഹെറോയിനും ബോട്ടിലുണ്ടായിരുന്നു. രവിഹന്‍സി എന്നു പേരുള്ള ബോട്ട് കോസ്റ്റ് ഗാര്‍ഡാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 18 ന് കസ്റ്റഡിയിലെടുത്തത്. കേസില്‍ വിശദമായ അന്വേഷണം തുടരുമെന്ന് എന്‍ഐഎ അറിയിച്ചു.