ന്യൂഡൽഹി: കാനഡയിൽനിന്നു കാമുകിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.
ഹരിയാനയിലെ സോനിപട്ടിലാണു സംഭവം. 2022 ജൂണിലായിരുന്നു സുനിൽ തന്റെ കാമുകിയായ മോണിക്കയെ വെടിവച്ചു കൊലപ്പെടുത്തിയത്.
കാനഡയിലായിരുന്ന യുവതിയെ സുനില്‍ നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
സ്വദേശത്തേക്കു മടങ്ങിയെത്തിയ മോണിക്ക സോനിപത്ത് സ്വദേശിയായ സുനിലിനെ കാണാന്‍ പോകുന്നതിനു മുമ്പ് റോഹ്തക്കിലെ സ്വന്തം വീട്ടിൽ കുടുംബാംഗങ്ങളെ കാണാൻ എത്തിയിരുന്നു.
മോണിക്ക പോയി കുറച്ചു ദിവസം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതോടെ കുടുംബാംഗങ്ങൾ സംശയമായി. തുടർന്ന് മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനായ സുനിലിനെ കണ്ടെത്തുകയും ചോദ്യം ചെയ്യലില്‍ മോണിക്കയെ കൊലപ്പെടുത്തിയതായി സുനില്‍ സമ്മതിക്കുകയും ചെയ്തു.
ഫാം ഹൗസില്‍നിന്ന് മോണിക്കയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതിക്കെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.