ന്യൂഡൽഹി: അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്ത ഉപയോക്താക്കളിൽനിന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ നേടിയത് 10,391 കോടി രൂപ. സൗജന്യ എടിഎം സേവനങ്ങൾക്കു ശേഷം ഈടാക്കിയ തുകയും ഇതിൽ ഉൾപ്പെടും. മൂന്നര വർഷംകൊണ്ടാണ് ഇത്രയും തുക ബാങ്കുകൾ സമാഹരിച്ചതെന്ന് പാർലമെന്റിൽ സമർപ്പിച്ച രേഖകൾ പറയുന്നു.
ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്കും ജൻ ധൻ അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് നിർബന്ധമില്ല. 10,000 കോടി രൂപ പൊതുമേഖലാ ബാങ്കുകൾ നേടിയതിനു തുല്യമായ തുക സ്വകാര്യമേഖലാ ബാങ്കുകളും നേടിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, പാർലമെന്റിൽ സ്വകാര്യമേഖലാ ബാങ്കുകളുടെ ഡാറ്റ സമർപ്പിച്ചിട്ടില്ല.
ലോക്സഭാ എംപി ദിബ്യേന്ദു അധികരി ചൊവ്വാഴ്ച ചോദിച്ച ചോദ്യത്തിനു മുറുപടിയായാണ് കേന്ദ്ര ധനമന്ത്രാലയം ഡാറ്റ പാർലമെന്റിൽ സമർപ്പിച്ചത്. എടിഎമ്മുകൾ അടച്ചുപൂട്ടാൻ തത്കാലം പദ്ധതിയില്ലെന്ന് ബാങ്കുകൾ അറിയിച്ചതായും ധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ചു.