തൃശൂർ: യുപിഎ അധികാരത്തിൽ വന്നാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്നു കോണ്ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാഹുൽ ഗാന്ധി ആദ്യം പ്രഖ്യാപനം നടത്തിയതു കേരളത്തിൽ.കഴിഞ്ഞ 14നു തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ പ്രതിനിധികളുടെ ചോദ്യങ്ങൾക്കു മറുപടി പറയുമ്പാേഴാണ് എല്ലാവർക്കും മിനിമം വേതനം നല്കാനുള്ള പദ്ധതി കോണ്ഗ്രസ് പാർട്ടി ആവിഷ്കരിക്കുന്നതായി പറഞ്ഞത്.
ഈ വാഗ്ദാനം പ്രകടന പത്രികയിൽ ഉൾപ്പെടുത്തി ഇന്നലെ ഡൽഹിയിൽ പ്രഖ്യാപിക്കുകയും ചെയ്തു.അടിസ്ഥാന വേതനം ഉറപ്പാക്കുന്നതോടെ രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോദിയെപ്പോലെയല്ല, ചെയ്യാൻ കഴിയാത്തതു പറയാറില്ലെന്നു പറഞ്ഞാണ് അന്നു രാഹുൽ ഈ പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ പാവപ്പെട്ടവർക്കുവേണ്ടി കരുതാൻ തങ്ങളുണ്ടാകുമെന്ന ഉറപ്പാണ് കോൺഗ്രസ് അധ്യക്ഷൻ ഈ പ്രഖ്യാപനത്തിലൂടെ നടത്തിയിരിക്കുന്നതെന്നു മത്സ്യത്തൊഴിലാളി നേതാക്കൾ വ്യക്തമാക്കി.