ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടിയും അദ്ദേഹത്തിന്റെ മകനും മുൻ എംപിയുമായ പി. ഗൗതം സിഗാമണിയും ചില കുടുംബാംഗങ്ങളും ഉൾപ്പെട്ട അനധികൃത മണ്ണു ഖനനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 14.21 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.
കെ.എസ്. രാജമഹേന്ദ്രന്റെ (ഗൗതമിന്റെ ഭാര്യാ സഹോദരൻ) പേരിലുള്ള 5.47 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും ഗൗതമിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കൺഫ്ലൂയൻസ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള 8.74 കോടി രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ ഉൾപ്പെടെയാണ് ഇഡി കണ്ടുകെട്ടിയത്.
വില്ലുപുരം ജില്ലയിലെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. 2007നും 2010നും ഇടയിൽ പൊൻമുടി ഖനനമന്ത്രിയായിരിക്കെ കെ.എസ്. രാജമഹേന്ദ്രൻ, ജയചന്ദ്രൻ എന്നിവരുടെ പേരിൽ ഗൗതം സിഗാമണി അഞ്ച് ലൈസൻസുകൾ നേടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.