വൈക്കം: മുങ്ങിത്താണ ലോറിയുടെ അടഞ്ഞ ക്യാബിനുള്ളിൽ പിടയുന്ന സുരേഷിനെ രക്ഷിക്കണമേയെന്ന് അലറിക്കരഞ്ഞു വിളിച്ച തോട്ടുചിറ സൂര്യ ബിജുവിനും പുത്തൻവീട്ടിൽ മിനിക്കും ലോറി ഡ്രൈവർ എം.ജി. സുരേഷി (45)ന്റ മരണം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
ഈ വീട്ടമ്മമാരുടെ അലമുറ കേട്ട് ഓടിവന്നാണ് തോട്ടുചിറ സുഗുണൻ വെള്ളത്തിലേക്ക് എടുത്തുചാടിയത്.
ശക്തമായ ഒഴുക്കുമൂലം സുഗുണന് ക്യാബിൻ തുറക്കാനായില്ല. ആ സമയം വൈദ്യുത ലൈനിലെ പണിക്കായി വന്ന ഇതരസംസ്ഥാന തൊഴിലാളിയായ യുവാവാണ് വെള്ളത്തിൽ ചാടി ക്യാബിൻ തുറന്ന് സുരേഷിനെ പുറത്തുകൊണ്ടുവന്നത്.
കരയ്ക്കെത്തിയ സുരേഷ് സൂര്യയോടും മിനിയോടും രക്ഷപ്പെടുമെന്ന് കരുതിയില്ലെന്നാണ് പറഞ്ഞത്.
ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു അപ്പോൾ സൂര്യയ്ക്കും മിനിക്കും.
വൈകുന്നേരം ഏഴോടെ സുരേഷ് മരണത്തിനു കീഴടങ്ങിയതോടെ രക്ഷാകരത്തിനായി കേണ ഇരുവരും തകർന്നുപോയി.
ബുധനാഴ്ച 3.30നാണ് നാടിനെ നടുക്കിയ വാഹന അപകടമുണ്ടായത്. അതിന് ഒരു മണിക്കൂർ മുന്പ് കെഎസ്ഇബിയുടെ പോസ്റ്റ് കയറ്റി വന്ന ക്രെയിൻ പാലത്തിലൂടെ മറുകര കടന്നിരുന്നു.
ക്രെയിൻ കടന്നുപോയപ്പോൾ തടികൾ പാകി മീതെ മണ്ണിട്ടു രൂപപ്പെടുത്തിയ പാലത്തിനു വിള്ളൽ വീണിരുന്നു.
ഒരു മണിക്കൂർ കഴിഞ്ഞ് ലൈബ്രറിയുടെ നിർമാണവുമായി ബന്ധപ്പെട്ട നിർമാണ സാമഗ്രികളുമായി വന്ന സുരേഷ് പാലത്തിലേക്ക് ടിപ്പർ ഓടിച്ചുവരുന്നത് കണ്ട് തോട്ടുവക്കത്ത് താമസിക്കുന്ന ശശിധരന്റെ ഭാര്യ അജിത അപായസൂചന നൽകാൻ വീടിനുള്ളിൽനിന്ന് അടുക്കള വഴി ഓടിവന്നപ്പോഴേക്കും ലോറി പാലത്തിലേറി മറിഞ്ഞിരുന്നു.
നാട്ടുകാർ നിർമിച്ച താത്കാലിക പാലത്തെക്കുറിച്ച് അറിയുന്നവരും പരിചയമില്ലാത്തവരും ഭാരവണ്ടിയിൽ വന്നാൽ സാധാരണ വാഹനം നിർത്തി ഇറങ്ങി പരിസരവാസികളോടു ചോദിച്ചശേഷമേ വാഹനവുമായി പാലം കടന്നിരുന്നുള്ളുവെന്ന് അജിത പറയുന്നു.
ദൗർഭാഗ്യവശാൽ സുരേഷിനു മുന്നറിയിപ്പ് നൽകാൻ നാട്ടുകാർക്കും കഴിഞ്ഞില്ല. 50 വർഷത്തിലധികമായി പാലത്തിനും കുറ്റമറ്റ റോഡിനുമായി പ്രദേശവാസികൾ മുറവിളി കൂട്ടിയിട്ടും ആരും ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പുകാലത്ത് പാലം നിർമിക്കുമെന്നു വാഗ്ദാനം ചെയ്ത എംഎൽഎ താത്കാലികപാലം തകർന്ന് ഒരു ജീവൻ പൊലിഞ്ഞിട്ടും സംഭവസ്ഥലത്തു വന്നില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
സുരേഷ്കുമാറിനു കല്ലറ ഗ്രാമം വിടചൊല്ലി
കല്ലറ: താത്കാലികപാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ലോറി ഡ്രൈവർ സുരേഷ്കുമാറിനു കല്ലറ ഗ്രാമം വിടചൊല്ലി.
വെച്ചൂർ പട്ടടക്കരിയിലെ താത്കാലികപാലം തകർന്ന്, ലോഡുമായെത്തിയെത്തിയ ടിപ്പർലോറി തോട്ടിൽ വീണാണ് വാഹനം ഓടിച്ചിരുന്ന കല്ലറ കളന്പുകാട് ഐക്കരത്താഴത്ത് സുരേഷ്കുമാർ (44) മരിച്ചത്.
വെച്ചൂർ പഞ്ചായത്തിലെ അഞ്ചാംവാർഡായ മറ്റത്തു ബുധനാഴ്ച വൈകുന്നേരം 3.30നായിരുന്നു അപകടം.
മറ്റം-കൊടുതുരുത്ത് റോഡിലെ അഞ്ചുമനത്തോടിനു കുറുകെയുള്ള പാലമാണ് തകർന്നത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ സുരേഷിനെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
സ്വകാര്യബസ് ഡ്രൈവർ, ഓട്ടോറിക്ഷാ ഡ്രൈവർ എന്നിങ്ങനെ 20 വർഷമായി കല്ലറക്കാർക്കും പരിസരപ്രദേശത്തുള്ളവർക്കും സുപരിചിതനാണ് സുരേഷ്.
ടിപ്പർ ഡ്രൈവറായി ഏതാനും വർഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് വീട്ടിലെത്തിച്ച മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, ജനപ്രതിനിധികൾ, സാമൂഹ്യ, സാമുദായിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.