മഞ്ഞുപെയ്യുന്ന ഡിസംബർ മാസം ഒരു വർഷത്തിന്റെ കൊഴിഞ്ഞുപോക്കിനൊപ്പം പോയകാലത്തെ നഷ്ടങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ്.
29 വർഷങ്ങൾക്കു മുന്പ് തോരാതെ മഞ്ഞുപെയ്ത ഒരു ഡിസംബർ പുലരിയിലാണ് പ്രതിഭകൊണ്ട ് ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ് എന്ന് എംടി വാസുദേവൻനായർ വിശേഷിപ്പിച്ച നടി മോനിഷയെ നഷ്ടമായത്.
29 വർഷങ്ങൾ. മോനിഷ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അന്പത് വയസ് തികയുമായിരുന്നു. മോനിഷയ്ക്കെന്നും മലയാളികളുടെ ഓർമച്ചെപ്പിൽ നിറയൗവനമാണ്.
1992 ഡിസംബർ അഞ്ചിന് രാജ്യം അയോധ്യാ സംഘർഷാവസ്ഥയുടെ മുൾമുനയിൽ നിൽക്കുന്ന ദിവസമായിരുന്നു ആ ദുരന്തം.
അടുത്ത ദിവസത്തെ പത്രങ്ങളിൽ പുഷ്പഹാരങ്ങൾക്കിടയിൽ വാടിയ പൂവു പോലെ കിടന്ന മോനിഷയുടെ മുഖം മനസുകളുടെ തീരാനോവായി.
തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്ന മോനിഷ നൃത്തപരിപാടിയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് ബാംഗളൂരിലെ വീട്ടിലേക്ക് തിരിച്ചുപോകുന്ന യാത്രയിലായിരുന്നു.
കൊച്ചിയിൽനിന്നും ബാംഗളൂരിലേക്കുള്ള ഫ്ളൈറ്റ് പിടിക്കുന്നതിനായാണ് അമ്മ ശ്രീദേവി ഉണ്ണിക്കൊപ്പം അതിരാവിലെ തിരുവനന്തപുരത്തുനിന്നും അംബാസിഡർ കാറിൽ യാത്രതിരിച്ചത്.
അയോധ്യ സംഘർഷ പശ്ചാത്തലത്തിൽ ഏതു നിമിഷവും ഒരു കർഫ്യൂവോ ബന്ദോ ഉണ്ടായേക്കാമെന്ന ആശങ്കയിൽ ദൂരസ്ഥലങ്ങളിലുള്ളവരെല്ലാം വീട്ടിലെത്താനുള്ള നെട്ടോട്ട ത്തിലായിരുന്നു.
നിർമാതാവിന്റെ പരിചയക്കാരനും മുംബൈയിൽനിന്നുള്ള സിനിമാ പ്രവർത്തകനുമായ പ്രമോദ് കാർക്കറെയും ഇവർക്കൊപ്പം കാറിൽ കയറി.
റോഡിന്റെ അപാകത മൂലം സ്ഥിരം അപകടമേഖലയായിരുന്ന ചേർത്തല എക്സ്റേ ജംഗ്ഷനിൽ പുലർച്ചെ ആറേകാലോടെയാണ് കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞ് വാതിലുകൾ പോലും ഇളകിത്തെറിച്ചു. ഡ്രൈവർ ശ്രീകുമാർ സംഭവസ്ഥലത്തുവച്ചു മരിച്ചു.
കാറിനുള്ളിൽ തലയിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മോനിഷയുടെ ജീവൻ ആശുപത്രിയിലെത്തിക്കുന്പോഴേക്കും പൊലിഞ്ഞു.
ഗുരുതരമായി പരിക്കേറ്റിരുന്ന പ്രമോദ് കാർക്കറെയെ പിന്നീട് മുംബൈയിലേക്ക് കൊണ്ട ുപോയെങ്കിലും ഒരു മാസത്തിനകം അദ്ദേഹവും മരണത്തിനു കീഴടങ്ങി.
അപകടത്തിന്റെ മായാത്ത ഓർമകളുമായി ശ്രീദേവി ഉണ്ണി മാത്രം ബാക്കിയായി. പതിനഞ്ചാം വയസിൽ കൗമാര നായികയായിട്ടാണ് മോനിഷയുടെ അരങ്ങേറ്റം.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയെടുത്ത ഏറ്റവും പ്രായംകുറഞ്ഞ താരത്തിന് എംടി നൽകിയ വിശേഷണം ഒട്ടും അസ്ഥാനത്തായിരുന്നില്ല.
ചുരുങ്ങിയ കാലത്തിനുള്ളിൽ അഭിനയത്തിലും നൃത്തത്തിലും അസാമാന്യ പ്രതിഭ തെളിയിക്കുകയും കാമറയ്ക്കു പിന്നിലും പാടവം തെളിയിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു മോനിഷ.
ഇടക്കാലത്ത് മലയാളം കാര്യമായ അവസരങ്ങൾ നൽകിയില്ലെന്നും പിന്നീട് വിധി അതനുവദിച്ചില്ലെന്നും ഇപ്പോൾ നഷ്ടബോധത്തോടെ ഓർക്കാനാവുന്നു. പഠനം പൂർത്തിയാക്കിയതിനുശേഷം സിനിമയിൽ കൂടുതൽ സജീവമായതിനിടെയായിരുന്നു വിയോഗം.
മലയാളസിനിമ എപ്പോഴും ശാലീന വേഷങ്ങളിൽ മാത്രം കാണാനാഗ്രഹിച്ച പെണ്കുട്ടിക്ക് ബാംഗളൂർ നഗരത്തിലെ എല്ലാ ജീവിത സൗകര്യങ്ങളും കൈയെത്തും ദൂരത്തായിരുന്നു.
ബാംഗളൂർ മൗണ്ട ് കാർമൽ കോളജിൽ സൈക്കോളജി ബിരുദത്തിന് പഠിക്കുന്പോൾ ഇംഗ്ലീഷ് പാട്ടുകൾ ഉറക്കെ കേട്ടുകൊണ്ട ് അന്പരപ്പിക്കുന്ന വേഗത്തിൽ സ്വയം കാറോടിച്ച് പോകുമായിരുന്ന മോനിഷയുടെ ചിത്രം അമ്മയുടെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട ്.
ഒപ്പം പാരന്പര്യത്തിന്റെ മൂല്യങ്ങളെയും അറിയുന്നതിനും ബഹുമാനിക്കുന്നതിനും ശ്രമിച്ചിരുന്നു. ഫാഷന്റെ വർണപ്രപഞ്ചങ്ങൾ കുട്ടിക്കാലം മുതൽ ചുറ്റും കണ്ട ുമടുത്തതിനാൽ ചുരിദാർ പോലുള്ള അന്നത്തെ സെമി അർബൻ വേഷങ്ങളോടായിരുന്നു കൂടുതൽ താൽപര്യം.
നഖക്ഷതങ്ങളിലെ ഗൗരിയുടെ ഹാംഗോവറിൽ ശാലീനത നിറഞ്ഞ ഗ്രാമീണ കഥാപാത്രങ്ങളാണ് മലയാളത്തിൽ മോനിഷയെ കൂടുതലായും തേടിവന്നത്.
ആര്യൻ പോലെ ചുരുക്കം ചില സിനിമകളിൽ മാത്രമാണ് ഈ ഇമേജിനെ ഭേദിക്കാൻ കഴിഞ്ഞത്. 1992 ൽ പുറത്തിറങ്ങിയ സിബി മലയിലിന്റെ കമലദളവും ജയരാജിന്റെ കുടുംബസമേതവും മോനിഷയെ സംബന്ധിച്ചിടത്തോളം അകാലത്തിൽ അണയുന്നതിനു മുന്പുള്ള ആളിക്കത്തലുകളായിരുന്നു.
കനകാംബരങ്ങളിലെ ശ്രീദേവി, ആര്യനിലെ സൈനബ, അധിപനിലെ ഗീത, പെരുന്തച്ചനിലെ തന്പുരാട്ടി, കടവിലെ ദേവി, ഒരു കൊച്ചു ഭൂമികുലുക്കത്തിലെ വിജി, ചെപ്പടിവിദ്യയിലെ എൽസ തുടങ്ങിയവയാണ് മലയാളത്തിൽ പെട്ടെന്ന് ഓർത്തെടുക്കാവുന്ന മറ്റു വേഷങ്ങൾ.
കന്നഡയിൽ രാഘവേന്ദ്ര രാജ്കുമാറിന്റെ കന്നിച്ചിത്രമായ ചിരഞ്ജീവി സുധാകറിലും ശാരദ അഭിനയിച്ച തെലുഗു ചിത്രമായ ലോയർ ഭാരതി ദേവിയിലും നവീന വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു.
ചിരഞ്ജീവി സുധാകറിലെ വസന്തമാസ എന്ന ഗാനം കന്നഡയിലെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു. ആര്യന്റെ റീമേക്കായ ദ്രാവിഡനും കാർത്തിക് നായകനായ ഉന്നൈ നിനൈത്തേൻ പാട്ടുപഠിച്ചേനും ശരത്കുമാറിന്റെ മൂൻട്രാമത് കണ്ണുമുൾപ്പെടെ അഞ്ച് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.
ഇടക്കാലത്ത് അനിയത്തി വേഷങ്ങളിലും ഉപനായികയായും ഒതുങ്ങിയിടത്തുനിന്നും ശക്തമായ തിരിച്ചുവരവായിരുന്നു കമലദളത്തിലെ മാളവികയും കുടുംബസമേതത്തിലെ തുളസിയും.
പ്രിൻസിപ്പലിന്റെ മകളെന്നും എല്ലാം തികഞ്ഞ നർത്തകിയെന്നുമുള്ള അഹങ്കാരത്തെ നന്ദഗോപൻ മാറ്റിയെടുക്കുന്പോഴും തന്റേതായ തീരുമാനങ്ങളിലും നിലപാടുകളിലും അടിയുറച്ചുനിൽക്കുന്ന കഥാപാത്രമാണ് മാളവിക.
പൊതുസമൂഹം കൊലപാതകിയെന്നും മദ്യപാനിയെന്നും പറഞ്ഞ് മാറ്റിനിർത്തിയ നന്ദഗോപനെ ശരിയായി മനസിലാക്കുന്നതിനും ഗുരുവായി വരിക്കുന്നതിനും പിന്നീട് പ്രണയിക്കുന്നതിനും കാണിച്ച തന്റേടവും മാളവികയ്ക്ക് മാത്രം സ്വന്തമാണ്.
കുടുംബസമേതത്തിലെ തുളസിയാകട്ടെ പൊതുസമൂഹം ഒറ്റപ്പെടുത്തിയിട്ടും അഭിമാനത്തോടെ ജീവിച്ചു കാണിച്ചുകൊടുക്കുന്ന അമ്മയുടെ മകളാണ്.
സമൂഹത്തിൽ ഉന്നതസ്ഥാനീയനായ ഒരാളിന്റെ മകൻ അമിതാവേശം കാട്ടി അച്ഛനെ ധിക്കരിച്ച് തങ്ങളുടെ വീട്ടിലെത്തുന്പോൾ തികച്ചും യാഥാർഥ്യത്തിലൂന്നിയ സമീപനമാണ് അയാളോട് സ്വീകരിക്കുന്നത്.
ഈ സിനിമയിൽ മനോജ് കെ. ജയനും മോനിഷയും അഭിനയിച്ച നീലരാവിൽ എന്ന ഗാനരംഗം മലയാളത്തിലെ നിത്യഹരിത ഗാനങ്ങളിലൊന്നാണ്.
1992 ൽ തന്നെ ചിത്രീകരണം തുടങ്ങിയിരുന്ന നീലക്കടന്പ് എന്ന സിനിമയിൽ കുടജാദ്രിയിൽ എന്ന ഗാനരംഗത്തിൽ അഭിനയിച്ചിരുന്നത് മോനിഷയായിരുന്നു.
അന്ന് പാതിവഴിയിൽ നിലച്ച സിനിമ ഇപ്പോൾ വീണ്ട ും എടുക്കാനൊരുങ്ങുന്പോൾ മോനിഷ അഭിനയിച്ച ഗാനരംഗത്തിന്റെ റീലുകൾക്കായി ഒരു ദിവസം മുഴുവൻ ചിത്രാഞ്ജലി ലാബിൽ പരതിയ കഥ സംവിധായകൻ അംബികുമാർ പറഞ്ഞിരുന്നു. ദയവില്ലാത്ത കാലം അതു മായ്ച്ചുകളഞ്ഞിരിക്കാം.
പക്ഷേ തലമുറകൾ മാറിവരുന്പോഴും ഇനിയൊരിക്കലും കാലത്തിന് മായ്ക്കാനാവാത്ത ഒരായിരം റീലുകളും അതിലും തെളിമയാർന്ന ഓർമച്ചിത്രങ്ങളും മോനിഷയെക്കുറിച്ച് ഓരോ മലയാളിയുടേയും മനസിൽ ബാക്കിയുണ്ട ാകും.