തിരുവനന്തപുരം: അമേരിക്കന്‍ ബഹുരാഷ്്ട്ര കമ്പനിയായ ഇഎംസിസിയുമായുള്ള ചർച്ചയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പങ്കെടുക്കുന്നതിന്റെ ചിത്രം പുറത്തുവിട്ട് രമേശ് ചെന്നിത്തല.
ഒന്നുമറിയില്ലെന്ന് മന്ത്രി പറഞ്ഞത് ആരെ കബളിക്കാനാണെന്നും കള്ളി വെളിച്ചത്തായപ്പോൾ മന്ത്രി ഉരുണ്ടു കളിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഇന്നു രാവിലെ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് മത്സ്യബന്ധനക്കരാർ സംബന്ധിച്ച് കൂടുതൽ ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
പ്രതിപക്ഷനേതാവിന് കുറച്ചു ദിവസമായി മാനസികനില മന്ത്രി ജെ. മേഴ്സികുട്ടിയമ്മ പറഞ്ഞതിനോടും രമേശ് ചെന്നിത്തല പ്രതികരിച്ചു.
സ്പ്രിംഗ്ളര്‍ തട്ടിപ്പു പുറത്തുകൊണ്ടുവന്നപ്പോഴും ഇ – മൊബിലിറ്റി തട്ടിപ്പു പുറത്തുകൊണ്ടുവന്നപ്പോഴും മറ്റ് ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടു വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് ഇങ്ങനെതന്നെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മേഴ്സിക്കുട്ടിയമ്മ പിണറായിയുടെ ഗ്രൂപ്പുകാരിയല്ല. വി.എസ് പക്ഷക്കാരിയാണ്.
പക്ഷേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി പിണറായിയോടൊപ്പം പ്രവര്‍ത്തിക്കുന്നതു കൊണ്ടാവാം വി.എസ്. ഗ്രൂപ്പുകാരിയായിട്ടും മെഴ്സിക്കുട്ടിയമ്മയ്ക്ക് പിണറായിയുടെ ഭാഷ പകര്‍ന്നുകിട്ടിയത്.
കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുത്തു എന്ന കാര്യം അറിഞ്ഞ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മനോനിലയില്‍ മാറ്റമുണ്ടായിട്ടുണ്ടാവും.
മെഴ്സിക്കുട്ടിയമ്മ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. ഇങ്ങനെ ഒരു പദ്ധതി ഇല്ല എന്നാണ് മന്ത്രി പറയുന്നത്.
2018 ല്‍ ന്യൂയോര്‍ക്കില്‍ പോയിരുന്നെങ്കിലും അത് ഒരു യു.എന്‍ പരിപാടിക്കാണെന്നും അവിടെ വച്ച് വേറെ ആരുമായും ചര്‍ച്ച നടത്തിയിരുന്നില്ലെന്നുമാണ് മന്ത്രി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
ചാനല്‍ പ്രതിനിധികള്‍ അപ്പോള്‍ തന്നെ ഇഎംസിസി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും വിളിച്ചു ചോദിച്ചപ്പോള്‍ തങ്ങള്‍ അവിടെ വച്ച് മെഴ്സിക്കുട്ടിയമ്മയെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നാണ് പറഞ്ഞത്, അപ്പോള്‍ ആരാണ് കളവ് പറയുന്നത്- രമേശ് ചെന്നിത്തല ചോദിച്ചു.
സര്‍ക്കാര്‍ അറിയാതെയാണോ ഇഎംസിസിക്ക് 4 ഏക്കര്‍ സ്ഥലം കൊടുത്തതെന്നും സര്‍ക്കാര്‍ അറിയാതെയാണോ മുഖ്യമന്ത്രി നേരിട്ട് കൈാര്യം ചെയ്യുന്ന കെഎസ്ഐഎന്‍സിയുമായി 400 ട്രോളറുകള്‍ക്കും മറ്റുമുള്ള എം.ഒ.യു. ഒപ്പിട്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഈ സര്‍ക്കാരിലെ മറ്റു തട്ടിപ്പുകള്‍ എന്ന പോലെ സംശയത്തിന്റെ സൂചിമുന നീണ്ടു ചെല്ലുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.