പാലക്കാട്: സാമൂഹികക്ഷേമ പ്രവർത്തനങ്ങളിലൂന്നിയ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. മണ്ണാർക്കാട് താലൂക്കിലെ അട്ടപ്പാടി അഗളി ഇഎംഎസ് ടൗണ്‍ഹാളിൽ സംഘടിപ്പിച്ച ‘സാന്ത്വനസ്പർശം’ പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് വർഷക്കാലയളവിൽ അട്ടപ്പാടി മേഖലയിൽ മികച്ച വികസനമാണ് സർക്കാർ നടപ്പാക്കിയത്.
അട്ടപ്പാടി മേഖലയിലെ 600 ആദിവാസി കുടുംബങ്ങൾക്കാണ് കൈവശവകാശ രേഖ നൽകിയത്. നിലവിൽ 527 കുടുംബങ്ങൾക്ക് കൈവശവകാശ രേഖ നൽകുന്നതിന് വേണ്ട നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.പ്രദേശത്തെ അംബേദ്കർ കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കുന്നതിനായി അംബേദ്കർ ഗ്രാമങ്ങളുടെ വികസനത്തിനായി ഒരു കോടി വീതം ആറ് കോളനികൾക്കായി വിനിയോഗിക്കും.
പട്ടികവർഗ്ഗ വിഭാഗത്തിലെ 25 ഓളം ഉദ്യോഗാർഥികൾക്ക് പോലീസിൽ നിയമനം നൽകി. ജലജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി 3000 സൗജന്യ കുടിവെള്ള പെപ്പ് ലൈൻ കണക്ഷൻ നൽകി വരുന്നു. അഗളി ഷോളയൂർ പുതൂർ ഗ്രാമ പഞ്ചായത്തുകളിലെ അങ്കണവാടി, സ്കൂൾ എന്നിവടങ്ങളിൽ ശുദ്ധജല വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.