കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുനേരേ ഫേസ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഡൽഹിയിൽ പിടിയിലായ കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായരെ (48) കൊച്ചിയിലെത്തിച്ചു. ഡൽഹിയിൽ നിന്നു ന്യൂഡൽഹി-തിരുവനന്തപുരം നിസാമുദ്ദീൻ എക്സിപ്രസിൽ ഇന്നു പുലർച്ചേ മൂന്നോടെയാണു സെൻട്രൽ സിഐ എ.അനന്തലാലിന്റെ നേതൃത്വത്തിൽ പ്രതിയെ കൊച്ചിയിൽ എത്തിച്ചത്.
ഇയാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന് അനന്തലാൽ അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ കൃഷ്ണകുമാർനായരെ വെള്ളിയാഴ്ച്ചയാണ് കൊച്ചി പോലീസിനു വിട്ടുകൊടുത്തത്. പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച പ്രൊഡക്ഷൻ വാറൻഡിനെത്തുടർന്നാണ് പ്രതിയെ വിട്ടുകിട്ടിയത്.
ട്രെയിൻമാർഗം വെള്ളിയാഴ്ച്ചരാത്രി 11 ഓടെയാണ് പ്രതിയുമായി പോലീസ് സംഘം കൊച്ചിയിലേക്കു യാത്രതിരിച്ചത്.
അബുദാബിയിൽ എണ്ണക്കന്പനിയിൽ ജീവനക്കാരനായ ഇയാൾ ജൂണ്‍ അഞ്ചിനാണു ഫേസ്ബുക്ക് വീഡിയോയിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. നാട്ടിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ 14നു ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രതിയെ എയർപോർട്ട് അഥോറിട്ടി ജീവനക്കാർ തടഞ്ഞുവച്ചശേഷം ഡൽഹി പോലീസിനു കൈമാറുകയായിരുന്നു.