ഇരിങ്ങാലക്കുട: പട്ടിക്കാംതൊടി സ്മാരക പുരസ്കാരം നേടിയ കലാനിലയം രാഘവനാശാനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ആശാന്റെ വീട്ടിലെത്തി അഭിനന്ദിച്ചു.
ആശാന്റെ മുൻകാല ശിഷ്യ കൂടിയാണ് മന്ത്രി. ഗുരുവിനു ലഭിച്ച ബഹുമതിയിലുള്ള തന്റെ അഭിമാനവും ആഹ്ലാദവും മന്ത്രി കൂടിക്കാഴ്ചയിൽ പങ്കിട്ടു.
ഇരിങ്ങാലക്കുടയുടെ സാംസ്കാരികമേഖലയ്ക്കു മാറ്റുകൂട്ടി ഒട്ടേറെ ശിഷ്യരെ കഥകളിയിലേക്കു പ്രചോദിപ്പിച്ചാനയിച്ച ആശാൻ കേരളത്തിലെ കളിയരങ്ങിലെ സവിശേഷസാന്നിധ്യമാണെന്നു മന്ത്രി പറഞ്ഞു.
ജീവിതഗന്ധിയായ തനതുശൈലിയിൽ, നൈസർഗികമായ അഭിനയശേഷിയോടെ കഥകളിയരങ്ങിന്റെ ചൈതന്യമായി ഒരു ജീവിതകാലം മുഴുവൻ കലയ്ക്കു വേണ്ടി സമർപ്പിതചേതസായി പ്രവർത്തിച്ച ഗുരുനാഥനാണ് ആശാനെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
നളചരിതത്തിലെ ഹംസം, കാട്ടാളൻ, ലവണാസുരവധത്തിലെ ഹനുമാൻ, കുചേലവൃത്തത്തിലെ കുചേലൻ, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ തുടങ്ങിയ കഥാപാത്രങ്ങൾ അനുപമമായ ശൈലിയിൽ രാഘവനാശാൻ അവതരിപ്പിക്കുന്പോൾ ആ കഥാപാത്രങ്ങൾ ജീവൻവച്ചു വരുന്നതുപോലെയാണ് തോന്നുകയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.