തൃശൂർ: കണ്ണൂർ വിസി പുനർനിയമനകേസിൽ സുപ്രീംകോടതിയിൽ നിന്ന് സർക്കാരിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
സർക്കാരിന് ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് സതീശൻ തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു. കോടതി വിധി പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്നും ഗവർണറും സർക്കാരും ചേർന്ന് ആളുകളെ കബളിപ്പിക്കുകയാണെന്നും സതീശൻ പറഞ്ഞു.
അനാവശ്യമായ ഇടപെടൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി എന്ന ഗുരുതരമായ പരാമർശം കോടതിയിൽ നിന്നുവന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും സതീശൻ പറഞ്ഞു.
കേരളത്തിൽ പ്രതിപക്ഷം പറഞ്ഞത് അടിവരയിട്ടുറപ്പിക്കുന്നതാണ് സുപ്രീം കോടതി വിധി. യുജിസിയുടെ മാനദണ്ഡങ്ങൾ അപ്പാടെ ലംഘിച്ചുകൊണ്ടുള്ളതാണ് വിസയുടെ പുനർനിയമനം.
യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ നിയമനത്തിൽ പ്രൊ ചാൻസലർ കൂടിയായ വിദ്യാഭ്യാസമന്ത്രി ഇടപെടാനോ കത്തയക്കാനോ പാടില്ലായിരുന്നു. ഇവിടെ കത്തെഴുതി. നിയമലംഘനം നടത്തി പ്രായപരിധി കഴിഞ്ഞയാൾക്ക് വീണ്ടും നിയമനം കൊടുത്തു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഇന്നുതന്നെ രാജിവെച്ച് പുറത്തുപോണം. സർവകലാശാലയുടെ സ്വയംഭരണാവകാശവും വൈസ ്ചാൻസലർമാരെ തെരഞ്ഞെടുക്കുന്ന യൂണിവേഴ്സിറ്റി ആക്ടും യുജിസി മാനദണ്ഡങ്ങളും പ്രൊ ചാൻസർ തന്നെ ലംഘിച്ചിരിക്കുന്നു.
സർക്കാരും ഗവർണറും ഒരുമിച്ച് നടത്തിയ ഗൂഢാലോചന തന്നെയാണിതെന്ന് അന്നേ പ്രതിപക്ഷം പറഞ്ഞിരുന്നുവെന്ന് സതീശൻ ഓർമിപ്പിച്ചു.
ഗവർണർ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് ഞങ്ങൾ അന്ന് പറഞ്ഞത്. ഗവർണർ സർക്കാരിന്റെ സമ്മർദ്ദത്തിന് കീഴടങ്ങിയെന്നാണ് ഇപ്പോൾ സുപ്രീംകോടതിയും പറഞ്ഞിരിക്കുന്നതെന്ന് സതീശോ ചൂണ്ടിക്കാട്ടി.
അനാവശ്യമായി ഒരു ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെക്കാൻ പാടില്ലാത്തതായിരുന്നു. ആ ബില്ലിന്റെ ഉള്ളടക്കത്തോടെ പ്രതിപക്ഷത്തിന് എതിർപ്പുണ്ടെങ്കിലും അകാരണമായി ബില്ലുകൾ പിടിച്ചുവെച്ച നടപടിയെ ഞങ്ങൾ എതിർത്തിരുന്നു.
ഗവർണറും സർക്കാരും തമ്മിൽ യാതൊരു തർക്കവുമില്ല. സർക്കാർ പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ തർക്കമുണ്ടെന്ന് പറഞ്ഞ് ഗവർണർ വരികയാണ്.
ഞാൻ തോന്നിയപോലെ കാര്യങ്ങൾ ചെയ്യുന്നുവെന്നും എന്റെ മാനസികനില തകരാറിലാണെന്നും ഞാൻ ബഹിഷ്കരണ വീരനാണെന്നുമാണ് എന്നെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ മൂന്നുകാര്യങ്ങൾ. സർക്കാർ ചിലവിൽ, നാട്ടുകാരുടെ ചിലവിൽ നവകേരളസദസ് നടത്തി മുഖ്യമന്ത്രി പ്രതിപക്ഷത്തേയും പ്രതിപക്ഷ നേതാക്കളേയും അപമാനിക്കാൻ വേണ്ടിയാണ് ഈ സദസ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷത്തേയും പ്രതിപക്ഷ നേതാവിനേയും വിമർശിക്കുന്ന ഇത് തെരഞ്ഞെടുപ്പ് പ്രചരണം തന്നെയാണ്.
തോന്നുംപോലെ ചെയ്ത് കേരളത്തിലെ സിപിഎമ്മിനെ സർവദോഷത്തിലേക്ക് നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഞാനല്ല.
മന്ത്രിസഭയിലോ പാർട്ടിയിലോ ഘടകക്ഷികളോടോ ചർച്ച നടത്താതെ ഏകാധിപത്യമാണ് പിണറായി നടത്തുന്നത്.
സ്വന്തം സ്വഭാവം മറ്റൊരാളിൽ കെട്ടിവെക്കുകയാണ് മുഖ്യമന്ത്രി. കൂടിയാലോചന നടത്തിയാണ് യുഡിഎഫ് തീരുമാനമെടുക്കുന്നത്. എന്റെ ഒറ്റയ്ക്കുള്ള തീരുമാനമല്ല.
വൈദ്യുതി മന്ത്രിയായിരിക്കെ ലാവ്ലിൻ ഇടപാട് അസംബന്ധമെന്ന് കുറിച്ച ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്നെഴുതി വെച്ച ആളാണ് പിണറായി വിജയൻ. എതിർക്കുന്നവരുടെയെല്ലാം മാനസികനില തകരാറിലാണെന്ന് പിണറായി വിജയൻ കാലങ്ങളായി പറയുന്നതാണെന്നും സതീശൻ പരിഹസിച്ചു.
നിയമസഭയിൽ ഒരു ഡസൻ തവണയെങ്കിലും അദ്ദേഹം മാനസികനിലയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിയുടെ ഈ സ്വഭാവം തന്നെ ഒരു അസുഖമാണ്. അടിയന്തിരമായി ഡോക്ടറെ കാണണമെന്നും സതീശൻ പറഞ്ഞു.