ബലൂണിലും കടലിനടിയിലുമൊക്കെ നടത്തുന്ന സമ്മേളനങ്ങള്‍ വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ഥത പരീക്ഷിച്ച ഒരു മന്ത്രിയാണ് ഇപ്പോള്‍ താരമായിരിക്കുന്നത്.
ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദികോ ഫെര്‍ണാണ്ടോയാണ് ആ മന്ത്രി. തെങ്ങിന് മുകളില്‍ കയറിയിരുന്നുകൊണ്ടായിരുന്നു മന്ത്രിയുടെ വാര്‍ത്താസമ്മേളനം. നാളികേര പ്രതിസന്ധിയെക്കുറിച്ച് പറയാനാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയത്.
ഇത് വ്യക്തമാക്കാന്‍ പറ്റിയ സ്ഥലം തെങ്ങിന് മുകളില്‍ തന്നെയാണെന്ന് മന്ത്രി പറഞ്ഞു. ദന്‍കോട്ടുവയിലെ തന്റെ തെങ്ങിന്‍ തോപ്പിലേക്ക് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചു. പിന്നീട് തെങ്ങു കയറുന്ന യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറി, കയ്യിലൊരു തേങ്ങയും പിടിച്ചാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്.
പ്രാദേശിക വ്യവസായങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും തേങ്ങ ഉപയോഗിക്കുന്നത് മൂലം രാജ്യം 700 ദശലക്ഷം തേങ്ങകളുടെ ക്ഷാമം നേരിടുന്നുവെന്ന് മന്ത്രി പറഞ്ഞു.’ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങ് കൃഷി ചെയ്യാന്‍ ഉപയോഗിക്കും.
രാജ്യത്തിന് വിദേശ നാണ്യം സൃഷ്ടിക്കുന്ന രീതിയിലേക്ക് നാളികേര വ്യവസായത്തെ ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.’ അരുന്ദികോ പറഞ്ഞു.
നാളികേരത്തിന്റെ വില കുറയ്ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ തെങ്ങിന്‍ മുകളിലെ വാര്‍ത്താ സമ്മേളനമാണ് ഇപ്പോള്‍ ശ്രീലങ്കയിലെ ചര്‍ച്ചാവിഷയം.